ശബരിമല സ്ത്രീ പ്രവേശനത്തിനെ അനുകൂലിച്ച് കൊണ്ടുള്ള നിലപാടെടുത്തതിന് ശേഷം രൂക്ഷമായ വിമർശനങ്ങളാണ് നേരിടേണ്ടി വരുന്നതെന്ന് ഗവേഷകയും,എഴുത്തുകാരിയുമായ ലക്ഷ്മി രാജീവ്. കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെയാണ് ലക്ഷ്മി രാജീവ് തന്റെ നിലപാട് വ്യക്തമാക്കിയത്. ഇതിന് ശേഷമാണ് രൂക്ഷമായ വിമർശനങ്ങൾ നേരിട്ടതെന്ന് അവർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ക്ഷേത്രങ്ങളിൽ ദർശനത്തിന് പോകുമ്പോൾ ചെരുപ്പ് പുറത്തു ഊരി വയ്ക്കാറുണ്ടെങ്കിലും തലച്ചോർ കൂടെ കാണുമെന്നും,നമ്മുടെ രാജ്യം മതത്തിന് വിധേയമായാൽ പിന്നെ നിയന്ത്രിക്കാനാവാത്ത അവസ്ഥ കൈവരുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. സിറിയ,അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ സംഭവിച്ചത് ഇവിടെയും ഉണ്ടാവും രാജ്യത്തിൽ ആദ്യം പൗരനാണ് സ്ഥാനമെന്നും അത് കഴിഞ്ഞ് മതി മതമെന്നും ലക്ഷ്മി രാജീവ് കുറിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
എടീ ഹിന്ദുവാണെന്നും പറഞ്ഞു ഞെളിഞ്ഞു പുണ്യമായ അമ്പലങ്ങളിൽ ഒക്കെ നടന്നു പുസ്തകം എഴുതുന്നു. അതിന്റെ ആദായം പറ്റുന്നു. ഈ മതത്തെക്കുറിച്ചു നിനക്ക് ?":*&^ എന്തറിയാം? ഉളുപ്പില്ലേ ഈ മതത്തെയും അതിന്റെ ആചാരങ്ങളെയും അധിക്ഷേപിക്കാൻ? നിന്റെ വീട്ടിൽ **&^^%$. ആരും ഇല്ലേ നിന്നെ ശരിയാക്കാൻ?
പുണ്യ സങ്കേതങ്ങളിൽ പോകുമ്പോ ചെരുപ്പ് പുറത്തു ഊരി വയ്ക്കാറുണ്ട്, തലച്ചോറ് കൂടെ തന്നെ കാണും. ഈ പുണ്യ പുരാതന ക്ഷേത്രങ്ങൾ എല്ലാം തന്നെ എന്റെ രാജ്യത്തിനുള്ളിലാണ്. ഹിന്ദു എന്നതിനുപരി ഞാനൊരു മനുഷ്യനാണ്. വേണ്ടെങ്കിൽ വേണ്ട, എന്നെ ഈ മതത്തിൽ നിന്ന് പുറത്താക്കൂ. അതിനു ശ്രമിക്കുമ്പോൾ താങ്കൾക്ക് മനസിലാവും അതിനൊരു വകുപ്പില്ല എന്ന്. അതിനെ ഉണ്ടാക്കിയ പിതാവ് ആകരുത്. മതത്തിനും ആചാരത്തിനും അല്ല പരമാധികാരം. ഇന്ന് ഉളുപ്പില്ലാതെ നാമജപം നടത്തുന്നു. നാളെ ശരിയത്ത് എന്ന് പറഞ്ഞു ചിലർ തുടങ്ങും, സകലരെയും കുരിശു ചുമക്കാൻ മറ്റൊരു മതം പ്രേരിപ്പിക്കും, എല്ലാം കളഞ്ഞിട്ടു പോകാൻ ബുദ്ധൻ പറയും .അന്നേരം നാമജപം ആയിരിക്കില്ല ആയുധം എന്ന് ഓർക്കുക. സെറ്റും മുണ്ടും ഉടുത്ത അച്ചിമാർ ആയിരിക്കില്ല മുന്നിൽ. അന്നേരം കരയാൻ ഇടവരരുത്. ആർഷ ഭാരത സംസ്കാരം അസഭ്യം പറഞ്ഞു സംരക്ഷിക്കാൻ നോക്കരുത്.അതുകൊണ്ടു Indian Constitution വായിച്ചു പഠിക്കുക. അങ്ങനെ രാജ്യം മതത്തിനു വിധേയമായാൽ സിറിയ ,അഫ്ഗാനിസ്ഥാൻ പോലെ ഒക്കെ ഇവിടെ ആകും.
ആദ്യം പൗരൻ. അതുകഴിഞ്ഞു മതം. പറ്റില്ലെങ്കിൽ അകത്തു കിടക്കും.