gadkari-modi

മുംബയ്: ''ഞങ്ങൾ ഒരിക്കലും അധികാരത്തിൽ വരില്ലെന്ന വിശ്വാസത്തിലായിരുന്നു.അതുകൊണ്ടു തന്നെ ജനങ്ങൾക്ക് എല്ലാ തരത്തിലുമുള്ള വാഗ്ദാനങ്ങൾ നൽകാനായിരുന്നു തീരുമാനം. അധികാരത്തിൽ വന്നതിന് ഞങ്ങൾ ഉത്തരവാദികളല്ല. ജനങ്ങൾ ഞങ്ങളെ വോട്ട് ചെയ്‌ത് അധികാരത്തിലേറ്റുകയായിരുന്നു. അധികാരത്തിൽ വന്നതോടെ ജനങ്ങൾ ആ വാഗ്ദാനങ്ങൾ ഓർമ്മിപ്പിക്കാൻ തുടങ്ങി. ഇപ്പോൾ അതൊക്കെ ചിരിച്ചു തള്ളി ഞങ്ങൾ മുന്നോട്ട് പോകുന്നു."

ബി.ജെ.പിയുടെ സീനിയർ നേതാവും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിയുമായ നിതിൻ ഗഡ്കരിയുടെ തുറന്നു പറച്ചിലാണിത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് പൊള്ള വാഗ്ദാനങ്ങൾ നൽകിയാണ് മോദി സർക്കാർ അധികാരത്തിൽ വന്നതെന്ന ഗഡ്കരിയുടെ ഈ തുറന്നു പറച്ചിൽ ബി.ജെ.പിയെയും കേന്ദ്ര സർക്കാരിനെയും വെട്ടിലാക്കി. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷത്തിന് ഇത് സർക്കാരിനെ പ്രഹരിക്കാനുള്ള ആയുധവുമായി.

ഏതാനും ദിവസങ്ങൾക്ക് മുൻപ് മറാത്തി ടെലിവിഷൻ ചാനലിന് നൽകിയ ഇന്റർവ്യൂവിലായിരുന്നു ഗ‌ഡ്കരിയുടെ തുറന്നു പറച്ചിൽ. പ്രസിദ്ധ ബോളിവു‌ഡ് താരം നാനാ പടേക്കർ ആണ് ഗഡ്കരിയെ ഇന്റർവ്യൂ ചെയ്‌തത്.

2014ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തെ പറ്റി സംസാരിക്കവേയാണ് സ്വന്തം കാൽച്ചുവട്ടിലെ മണ്ണ് തോണ്ടുന്നതു പോലുള വികട സരസ്വതി ഗഡ്കരിയുടെ നാവിൽ വിളഞ്ഞത്. ഗഡ്കരിയുടെ ഈ വീഡിയോ ദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കുവച്ച് കോൺഗ്രസും പാർട്ടി അദ്ധ്യക്ഷൻ രാഹുൽഗാന്ധിയും വിമർശനവുമായി രംഗത്തു വന്നു. പൊള്ള വാഗ്ദാനങ്ങളിലാണ് ബി.ജെ.പി സർക്കാരിനെ കെട്ടിപ്പടുത്തതെന്ന കോൺഗ്രസിന്റെ അഭിപ്രായത്തെ ഇപ്പോൾ ഗഡ്കരിയും ശരിവച്ചിരിക്കുകയാണെന്നും പാർട്ടിയുടെ കുറിപ്പിൽ പറയുന്നു. രാഹുൽ ഗാന്ധിയും ഇതേ വീഡിയോ ട്വീറ്റ് ചെയ്‌തു. \'\'താങ്കൾ പറഞ്ഞത് ശരിയാണ്. ഇപ്പോൾ അത് ജനങ്ങൾക്കും മനസിലായിട്ടുണ്ട്. തങ്ങളുടെ അഭിലാഷങ്ങളും വിശ്വാസവും പാർട്ടിയുടെ ആവശ്യങ്ങൾക്കായി മുതലെടുത്തെന്ന് ജനങ്ങൾക്ക് മനസിലായി\'\'- രാഹുലിന്റെ ട്വീറ്റിൽ പറഞ്ഞു.