pope-francis

സോൾ: ഫ്രാൻസിസ് മാർപാപ്പയെ പ്രസിഡന്റ് കിം ജോംഗ് ഉൻ ഉത്തര കൊറിയയിലേക്ക്‌ സന്ദർശനത്തിന് ക്ഷണിച്ചു. ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജേ ഇന്നിന്റെ ഓഫീസാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അടുത്തയാഴ്ച വത്തിക്കാൻ സന്ദർശിക്കുന്ന മൂൺ ഉത്തര കൊറിയയുടെ ക്ഷണം മാർപാപ്പയെ ഔദ്യോഗികമായി അറിയിക്കുമെന്നുമെന്നാണ് വിവരം. ഇക്കാര്യത്തിൽ വത്തിക്കാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഉത്തര കൊറിയ സന്ദർശിക്കാൻ മാർപാപ്പ തയ്യാറായാൽ അദ്ദേഹത്തെ ഏറ്റവും മികച്ച രീതിയിൽ സ്വീകരിക്കുമെന്നും കിം ജോംഗ് ഉൻ അറിയിച്ചിരുന്നതായി മൂൺ ജേ ഇന്നിന്റെ വക്താവ് കിം യി കിയോം പറഞ്ഞു. മതസ്വാതന്ത്ര്യത്തിന് കടുത്ത നിയന്ത്രണങ്ങളുള്ള ഉത്തര കൊറിയ ഇതുവരെ മാർപാപ്പമാർ ആരും സന്ദർശിച്ചിട്ടില്ല. ഔദ്യോഗികമായി വത്തിക്കാനും ഉത്തര കൊറിയയുമായി നയതന്ത്രബന്ധങ്ങളും നിലനിൽക്കുന്നില്ല. ഏകാധിപത്യ രാഷ്ട്രമെന്ന മുഖച്ഛായ മാറ്റിയെടുക്കാനുള്ള ഉത്തര കൊറിയയുടെ ഏറ്റവും പുതിയ നയമായി ഈ നീക്കം വിലയിരുത്തപ്പെടുന്നു.

മൂവായിരത്തോളം കത്തോലിക്കരാണ് ഉത്തര കൊറിയയിൽ ഉള്ളത്. ഭരണകൂടത്തിന്റെ കീഴിലുള്ള പള്ളികളിലല്ലാതെ പ്രാർഥന നടത്തുന്ന വിശ്വാസികൾ ശിക്ഷാനടപടികൾക്ക് വിധേയരാകുന്നതായി 2014 ലെ ഐക്യരാഷ്ട്രസഭാ റിപ്പോർട്ട് പറയുന്നു. ഫ്രാൻസിസ് മാർപാപ്പയ്ക്ക് മുമ്പ് ജോൺപോൾ രണ്ടാമൻ മാർപാപ്പയെ ഉത്തരകൊറിയ തങ്ങളുടെ രാജ്യത്തേക്ക് ക്ഷണിച്ചിരുന്നു. 2000 ത്തിലായിരുന്നു ഇത്.

ഉത്തരദക്ഷിണ കൊറിയകൾ തമ്മിലുള്ള ഉച്ചകോടിയിൽ പങ്കെടുക്കാനാണ് അന്നത്തെ ഉത്തരകൊറിയൻ ഭരണാധികാരി കിം ജോംഗ് ഇൽ മാർപാപ്പയെ ക്ഷണിച്ചത്. എന്നാൽ സന്ദർശനം നടന്നില്ല. ഉത്തര കൊറിയയിലെ കത്തോലിക്കാ പുരോഹിതരെ ഭരണകൂടം അംഗീകരിച്ചാൽ മാത്രമേ മാർപാപ്പ പ്യോങ്യാങ്ങിലെത്തു എന്നായിരുന്നു അന്ന് വത്തിക്കാന്റെ നിലപാട്.