titli-cyclone-

ഭുവനേശ്വർ: ബംഗാൾ ഉൾക്കടലിനു മുകളിൽ ഉദ്ഭവിച്ച അതിശക്തമായ ചുഴലിക്കൊടുങ്കാറ്റ് തിത്‌ലി ഇന്ന് പുലർച്ചയോടെ ഒഡിഷ തീരത്തണയും. ഒഡിഷ- ആന്ധ്രപ്രദേശ് തീരത്തെത്തുന്ന ചുഴലിക്കൊടുങ്കാറ്റിനെ തുടർന്ന് ഒഡിഷയിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഒഡിഷയിലെ ഗോപാൽപൂർ, ആന്ധ്രപ്രദേശിലെ കലിങ്കപട്ടണം എന്നിവിടങ്ങളിൽ മണ്ണിടിച്ചിലിനും മണിക്കൂറിൽ 145 കിലോമീറ്റ‌ർ വേഗത്തിൽ കാറ്റടിക്കാനും സാദ്ധ്യതയുണ്ടെന്നാണ് അറിയിപ്പ് നൽകിയിരിക്കുന്നത്. മണിക്കൂറിൽ 10 കിലോമീറ്റർ വേഗത്തിൽ വീശിയ തിത്‌ലി പിന്നീട് ശക്തിപ്രാപിക്കുകയായിരുന്നു. അടുത്ത 18 മണിക്കൂറിനകം കാറ്റിന് ഇനിയും ശക്തിയേറാൻ സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

തുടർന്ന് വടക്ക് കിഴക്ക് ഭാഗത്തേക്ക് നീങ്ങി പശ്ചിമബംഗാൾ തീരത്തേക്ക് കടന്ന് കാറ്റിന്റെ വേഗത കുറയാനാണ് സാദ്ധ്യത.

ചുഴലിക്കാറ്റ് ബാധിക്കാൻ സാദ്ധ്യതയുള്ള മേഖലകളിലെല്ലാം ആവശ്യത്തിന് മുൻകരുതലുകൾ എടുത്തിട്ടുണ്ട്. മുന്നൂറോളം മോട്ടോർ ബോട്ടുകളും രക്ഷാപ്രവർത്തനത്തിന് സജ്ജമാണ്. രണ്ട് ദിവസം കൂടി മഴ തുടർന്നാൽ വെള്ളപ്പൊക്ക സാദ്ധ്യതയും തള്ളിക്കളയാനാകില്ല.