kaumudi-night

ദുബായ്: നൂറ്റാണ്ടിന്റെ പാരമ്പര്യത്തിന്റെ തലയെടുപ്പോടെ \'കേരളകൗമുദി\' യു.എ.ഇയിലെ പ്രവാസികൾക്ക് ഒരുക്കുന്ന \'കൗമുദി നൈറ്റ്\' കലാവിരുന്നിന് വെള്ളിയാഴ്ച അജ്‌മാനിലെ റമദാ ഹോട്ടൽ ആൻ‌ഡ് സ്യൂട്ട്സിലെ ദി മജസിറ്റിക് ബാൾ റൂമിൽ അരങ്ങുണരും. സേവനം സെന്റർ ഷാർജ എമിറേറ്റ്സ് സെന്റർ കമ്മിറ്റിയും കൗമുദി ടി.വിയും ചേർന്നൊരുക്കുന്ന രാഗ, താള, നൃത്ത ഹാസ്യ ലയത്തിന്റെ വിസ്‌മയരാവിനായി യു.എ.ഇയിലെ പ്രവാസിസമൂഹം അജ്മാനിലേക്കെത്തും. യു.എ.ഇയിലെ ഏഴ് എമിറേറ്റ്‌സുകളിൽ നിന്നും പ്രത്യേക ബസുകളിൽ മലയാളികളെത്തും. ഉത്സവരാവ് ആഘോഷമാക്കാൻ കാത്തിരിക്കുകയാണ് യു.എ.ഇയിലെ മലയാളി സമൂഹം.

വിനീത് ശ്രീനിവാസന്റെ ബാൻഡ് ആദ്യമായി യു.എ.ഇയിൽ അരങ്ങിലെത്തും. രണ്ടരമണിക്കൂർ ദൈർഘ്യമുള്ള സംഗീതനിശയാണ് വിനീതിന്റെ ബാൻഡ് ഒരുക്കുന്നത്. ഗൾഫിൽ ഒരു സ്റ്റേജ് ഷോയിൽ വിനീത് ശ്രീനിവാസൻ ആദ്യവസാനം പങ്കെടുക്കുന്നത് ഇതാദ്യമായാണ്. ശ്രദ്ധേയയായ പുതുമുഖനായിക അനുസിതാര, ചിരിയുടെ മാലപ്പടക്കവുമായി മനോജ് ഗിന്നസ്, പ്രവാസികളിൽ ഗൃഹാതുരത ഉണർത്തുന്ന പഴയകാല ഗാനങ്ങളുമായി സംഗീതസംവിധായകനും ഗായകനുമായ ആലപ്പിബെന്നി എന്നിവരും കൗമുദിനൈറ്റിൽ വിരുന്നിനെത്തും.

വൈകിട്ട് നാലിന് പൊതുസമ്മേളനം വിനീത് ശ്രീനിവാസൻ ഉദ്ഘാടനം ചെയ്യും. സേവനം സെന്റർ ഷാർജ എമിറേറ്റ്‌സ് കമ്മിറ്റി പ്രസിഡന്റ് കെ.വി.ശശീന്ദ്രൻ അദ്ധ്യക്ഷനാവും. വൈസ് പ്രസിഡന്റ് ബിജുമനോഹർ സ്വാഗതം ആശംസിക്കും. സേവനം സെന്റർ സെൻട്രൽകമ്മിറ്റി പ്രസിഡന്റ് എം.കെ.രാജൻ, സെക്രട്ടറി പ്രദീപ്കുമാർ, ട്രഷറർ ബാബുകണ്ടശേരി, ഷാർജ എമിറേറ്റ്‌സ് കമ്മിറ്റി സെക്രട്ടറി ബിജുകുമാർ, ട്രഷറർ പ്രഭാകരൻ പയ്യന്നൂർ, കേരളകൗമുദി ബ്രോഡ്‌കാസ്റ്റിംഗ് ഹെഡ് എ.സി.റെജി, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ.പി ജോൺസൺ, സെക്രട്ടറി അബ്‌ദുള്ള മല്ലശേരി, ട്രഷറർ ബാലകൃഷ്‌ണൻ, സേവനം വനിതാ വിഭാഗം ഭാരവാഹികളായ പത്മിനി ശശീന്ദ്രൻ, സുമാപ്രദീപ്, വർണാബിജു, സെൻട്രൽ കമ്മിറ്റി കോ-ഓർഡിനേറ്റർ ലതാ വേണുഗോപാൽ എന്നിവർ പ്രസംഗിക്കും. കേരളകൗമുദി പരസ്യവിഭാഗം കോർപറേറ്റ് മാനേജർ സുധീർകുമാർ, കൗമുദി ടി.വി പരസ്യവിഭാഗം കോർപറേറ്റ് മാനേജർ രാജീവ്കുമാർ എന്നിവർ പങ്കെടുക്കും.

ആറരയ്ക്ക് കലാസന്ധ്യ ആരംഭിക്കും. പകൽ രണ്ടുമുതൽ സേവനം അംഗങ്ങളും അവരുടെ കുട്ടികളും കലാപരിപാടികൾ അവതരിപ്പിക്കും. അരങ്ങിൽ ഗുരുവിന്റെ അർദ്ധനാരീശ്വര സ്‌തവവും സ്ത്രീപുരുഷ സമന്വയം ഉദ്ഘോഷിക്കുന്ന ശ്രീനാരായണഗുരുദേവന്റെ അർദ്ധനാരീശ്വര സ്‌തവത്തിന്റെ രംഗാവിഷ്കാരമാണ് കൗമുദിനൈറ്റിന്റെ പ്രത്യേകത. സേവനം ഷാർജ എമിറേറ്റ്സ് സെന്റർ കമ്മിറ്റി അംഗങ്ങളാണ് അരമണിക്കൂർ ദൈർഘ്യമുള്ള രംഗാവിഷ്കാരം ഒരുക്കുന്നത്. വനിതാവിംഗ് പ്രസിഡന്റ് പത്മിനി ശശീന്ദ്രന്റെ നേതൃത്വത്തിൽ 15പേർ അരങ്ങിലെത്തും.

പ്രളയബാധിതർക്ക് കൈത്താങ്ങ്

കലാസന്ധ്യയുടെ ഭാഗമായി, സേവനം സെന്റർ കേരളത്തിലെ പ്രളയബാധിതർക്ക് 10ലക്ഷം രൂപയുടെ സഹായമെത്തിക്കും. അശരണർക്ക് കൈത്താങ്ങായ \'ഗുരുഭവനം\' പദ്ധതിയിൽ 14നിർദ്ധനർക്ക് വീട് നിർമ്മിച്ചുനൽകി. മൂന്നെണ്ണം പുരോഗമിക്കുന്നു. പ്രളയകാലത്ത് 2500കിലോഗ്രാം ഭക്ഷ്യവസ്തുക്കളും അവശ്യസാധനങ്ങളും സേവനം സെന്റർ നാല്ജില്ലകളിൽ എത്തിച്ചിരുന്നു. 2002മുതൽ യു.എ.ഇയിലെ പ്രവാസി സമൂഹത്തിൽ ശ്രീനാരായണ ദർശനങ്ങളിലൂന്നി പ്രവർത്തിക്കുന്ന പ്രവാസികൂട്ടായ്‌മയാണ് സേവനം സെന്റർ.