ranathunge

ന്യൂഡൽഹി: ചലച്ചിത്രതാരം നാനാ പടേക്കറിനെതിരെ ബോളിവുഡ് താരം തനുശ്രീ ദത്ത ഉന്നയിച്ച ലൈംഗികാരോപണത്തിനു പിന്നാലെ ഇന്ത്യയിൽ ചൂടുപിടിച്ച \'മീ ടൂ " കാമ്പെയിനിൽ നിരവധി പ്രമുഖരുടെ പേരുകൾ വീണ്ടും പുറത്ത്. ശ്രീലങ്കൻ ക്രിക്കറ്റ് താരം അർജുന രണതുംഗെയ്ക്കെതിരെയാണ് ഇന്ത്യൻ ഫ്ലൈറ്റ് അറ്റൻഡന്റ് തുറന്നു പറച്ചിലുമായി രംഗത്തെത്തിയിരിക്കുന്നത്. മുംബയിലെ ഒരു ഹോട്ടലിൽ വച്ച് രണതുംഗെ തന്നെ ലൈംഗികമായി അപമാനിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് യുവതി പങ്കുവച്ചത്. ജീവിതത്തിൽ പലതവണയായി നേരിടേണ്ടിവന്ന ലൈംഗിക പീഡനങ്ങളെക്കുറിച്ചാണ് അവർ തുറന്നെഴുതിയത്.

കാമ്പെയിനിന്റെ ഭാഗമായി തനിക്ക് നേരിടേണ്ടിവന്ന മാനസികപീഡനത്തെ കുറിച്ച് ഇന്ത്യൻ ബാഡ്മിന്റൺ താരം ജ്വാല ഗുട്ടയും തുറന്നെഴുതി. ട്വിറ്ററിലൂടെയാണ് ജ്വാലയുടെ വെളിപ്പെടുത്തൽ. മികച്ച പ്രകടനം നടത്തിയിട്ടും ദേശീയ ടീമിൽ നിന്ന് പുറത്താക്കപ്പെട്ടെന്നും 2006 മുതൽ മാനസിക പീഡനം നേരിട്ടുകൊണ്ടിരിക്കുകയാണെന്നും ജ്വാല പറയുന്നു. എന്നാൽ ആരാണ് സംഭവത്തിനു പിന്നിലെന്ന് ഇവർ വെളിപ്പെടുത്തിയിട്ടില്ല.

പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ കൈലാഷ് ഖേറിനെതിരെ ഗായിക സോന മഹാപത്രയാണ് ലൈംഗിക ആരോപണവുമായി രംഗത്തെത്തിയത്. കൈലാസ് ഖേർ തന്നോടു മോശമായി പെരുമാറിയിട്ടുണ്ടെന്നും അദ്ദേഹത്തിന് ഇതൊരു അസുഖമാണെന്നുമാണ് സോന വ്യക്തമാക്കിയത്.

ശ്രീലങ്കയുടെ 1996ലെ ലോകകപ്പ് ക്യാപ്ടനും നിലവിലെ കേന്ദ്ര പെട്രോളിയം റിസോഴ്സസ് ഡെവലപ്മെന്റ് മന്ത്രിയുമായ അർജുന രണതുംഗെ ഒരിക്കൽ മുംബയിലെ ഒരു ഹോട്ടലിൽ വച്ച് എന്റെ ഇടുപ്പിൽ കൈവച്ച് ബലാത്കാരമായി ദേഹത്തോട് അടുപ്പിക്കുകയായിരുന്നു. അയാളുടെ കാലിൽ ചവിട്ടി, ബഹളം വച്ച് റിസപ്ഷനിലേക്ക് ഓടിപ്പോയി പരാതി പറഞ്ഞു. ഇതൊക്കെ നിങ്ങളുടെ സ്വകാര്യമായ കാര്യങ്ങളാണെന്നായിരുന്നു റിസപ്ഷനിസ്റ്റിന്റെ മറുപടി" - രണതുംഗെയ്ക്കെതിരെ യുവതി

2006 ൽ അയാൾ ചീഫ് ആയ ശേഷം ഞാൻ ദേശീയ ടീമിൽ നിന്ന് പുറത്താക്കപ്പെട്ടു. ഞാൻ അപ്പോൾ ദേശീയ ചാമ്പ്യനായിരുന്നു. റിയോ ഒളിമ്പിക്‌സിനു ശേഷം തിരിച്ചെത്തിയപ്പോഴും അവസ്ഥ ഇതുതന്നെയായിരുന്നു. എനിക്ക് ദേശീയ ടീമിൽ സ്ഥാനമുണ്ടായിരുന്നില്ല. കളി നിറുത്താൻ ഒരു കാരണം തന്നെ ഇതാണ്." - ജ്വാല ഗുട്ട

സംഗീത ദൈവം എന്നൊക്കെ കൈലാസ് ഖേറിനെ വിശേഷിപ്പിക്കുമ്പോൾ നാണക്കേടു തോന്നുന്നു. അയാൾക്കെതിരെ നേരത്തേ പീഡന പരാതിയുമായി സ്ത്രീകൾ എത്തിയിട്ടുണ്ട്. സമാനമായ അനുഭവം എനിക്കും നേരിടേണ്ടി വന്നിട്ടുണ്ട്. ഇത് അയാളുടെ ഒരു അസുഖമാണെന്നു തോന്നുന്നു. കേവലം രണ്ടു വനിതകളുടെ പരാതിയിൽ ഇത് തീരും എന്ന് തോന്നുന്നില്ല. ഇനിയും നിരവധിപേർ പരാതിയുമായി വരും. നാണമില്ലല്ലോ സംഗീത ദൈവത്തിന്" - കൈലാഷ് ഖേറിനെതിരെ സോന മഹാപത്ര