k-sudhakaran

പന്തളം: വിശ്വാസികൾ ഒരുമിച്ച് നിന്നാൽ ഒരു പൊലീസും പട്ടാളവും ശബരിമലയിൽ കാലുകുത്തില്ലെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു. സുപ്രിം കോടതി വിധി നടപ്പിലാക്കാനുള്ള വ്യഗ്രതയിൽ വനിതാ പൊലീസിനെ നിയമിക്കാനൊരുങ്ങുകയാണ് സർക്കാരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശബരിമല ആചാരങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വിശ്വാസി സമൂഹം നടത്തുന്ന സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പന്തളം കോൺഗ്രസ് കമ്മിറ്റി നടത്തിയ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

\'ക്ഷേത്രങ്ങളിലെ ആചാരാനുഷ്ടാനങ്ങളിലെ അന്തിമവിധി നടപ്പിലാക്കേണ്ടത് കോടതികളും സർക്കാരുമല്ല. അവിടങ്ങളിലുള്ള തന്ത്രിമാരാണ്. അവരുടെ വാക്കാണ് അവസാനവാക്ക്. ഭക്തരുടേയും തന്ത്രിമാരുടേയും അവകാശമാണത്. അതിനെ ധ്വംസിക്കാൻ ഒരു കോടതിക്കും സർക്കാരിനും അവകാശമില്ല- സുധാകരൻ പറഞ്ഞു.

ശബരിമലയെ ടൂറിസ്റ്റ് കേന്ദ്രമാക്കാൻ അനുവദിക്കില്ല. സ്ത്രീകൾക്ക് തുല്യത വേണമെന്ന് പറഞ്ഞ് ഇടതുപക്ഷ സർക്കാർ പിടിച്ചു വാങ്ങിയതാണ് ഇപ്പോഴത്തെ കോടതി വിധി. ഇപ്പോൾ ഇവിടെ ജാഥ നടത്തുന്ന ശ്രീധരൻ പിള്ളയും ബി.ജെ.പിയും ആദ്യം ഡൽഹിയിൽ പോയി മോദിയെ കണ്ട് ഭരണഘടന ഭേദഗതി വരുത്താൻ ആവശ്യപ്പെടണം. ബി.ജെ.പി ഇപ്പോൾ നടത്തുന്നത് കാപട്യമാണ്. ജനാധിപത്യപരമായി നിങ്ങൾ വോട്ട് പിടിക്കാൻ അവകാശമുണ്ട്. എന്നാൽ ഭക്തജനങ്ങളെ രക്തസാക്ഷികളാക്കി നേട്ടമുണ്ടാക്കരുതെന്നും സുധാകരൻ പറഞ്ഞു.