iran-petrol

ന്യൂഡൽഹി: അടുത്ത നവംബർ മുതൽ ഇന്ത്യ അടക്കമുള്ള ഉപഭോക്ത രാഷ്‌ട്രങ്ങൾക്ക് 40 ലക്ഷം ബാരൽ അധിക ക്രൂഡ് ഓയിൽ വിതരണം ചെയ്യാൻ ലോകത്തിലെ ഏറ്റവും വലിയ എണ്ണയുത്പാദന രാജ്യമായ സൗദി അറേബ്യ ഒരുങ്ങുന്നു.അമേരിക്കൻ താത്പര്യത്തിന് വഴങ്ങി ഇറാനിൽ നിന്നുള്ള പെട്രോളിയം ഇറക്കുമതി നിറുത്തുന്നതോടെയുണ്ടാകുന്ന പ്രതിസന്ധി മറികടക്കാൻ ഇതോടെ കഴിയും. നവംബർ നാല് മുതലാണ് ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണയുത്പാദക രാജ്യമായ ഇറാന് മേൽ അമേരിക്ക ഉപരോധം ഏർപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നത്.

ചൈന കഴിഞ്ഞാൽ ഇറാനിൽ നിന്നും ഏറ്റവും കൂടുതൽ പെട്രോളിയം ഉത്‌പന്നങ്ങൾ വാങ്ങുന്ന രാജ്യമാണ് ഇന്ത്യ. ഈ വരുന്ന നവംബറോടെ ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിറുത്തണമെന്ന് അമേരിക്ക ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക് അന്ത്യശാസനം നൽകിയിരുന്നു. എന്നാൽ അമേരിക്കൻ ഭീഷണിക്ക് വഴങ്ങില്ലെന്നും ഇറാനിൽ നിന്നുള്ള ഇറക്കുമതി തുടരുമെന്നുമാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്. ഇന്ത്യ തങ്ങളിൽ നിന്ന് പെട്രോളിയം ഉത്പന്നങ്ങൾ വാങ്ങുന്നത് തുടരുമെന്നാണ് പ്രതീക്ഷയെന്ന് ഇറാനും പ്രതികരിച്ചിരുന്നു. ഇറക്കുമതി പൂർണമായും നിറുത്തലാക്കില്ലെങ്കിലും ഉപരോധം കാരണം ഇറക്കുമതിയിൽ ചില വെട്ടിക്കുറക്കലുകൾ വേണ്ടി വരുമെന്നാണ് വിവരം.

ഇന്ത്യയിലെ പ്രമുഖ എണ്ണ വിതരണ കമ്പനികളെല്ലാം തന്നെ നവംബറിൽ സൗദിയിൽ നിന്ന് കൂടുതൽ പെട്രോളിയം ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യാൻ തയ്യാറെടുത്തുവെന്നാണ് വിവരം. നവംബറിൽ 10 ലക്ഷം ബാരൽ അസംസ്കൃത എണ്ണ സൗദിയിൽ നിന്നും ഇന്ത്യയിലെ പെട്രോളിയം കമ്പനികൾ ഓർഡർ ചെയ്‌തുവെന്നും ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇക്കാര്യത്തിൽ പ്രതികരിക്കാൻ ഇന്ത്യയിലെയും സൗദിയിലെയും പെട്രോളിയം കമ്പനികൾ തയ്യാറായിട്ടില്ല.