ലക്‌നൗ: ഉത്തർപ്രദേശിലെ റായ്ബറേലിയിൽ ട്രെയിൻ പാളം തെറ്റിയുണ്ടായ അപകടത്തിൽ ഏഴു പേർ മരിച്ചു. മുപ്പതോളം പേർക്കു പരുക്കേറ്റു. റായ്ബറേലിയിലെ ഹർചന്ദ്പുർ റെയിൽവേ സ്റ്റേഷനു സമീപം ഇന്നലെ രാവിലെ ആറു മണിയോടെയാണ് അപകടം. \'ന്യൂ ഫറാക്ക എക്‌സ്പ്രസി"ന്റെ ഒൻപത് കോച്ചുകളാണ് പാളം തെറ്റിയത്. സ്ത്രീകളും കുട്ടികളുമടക്കമുള്ളവർക്കാണ് പരിക്കേറ്റത്.
ബംഗാളിലെ മാൾഡയിൽ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന 14003 ന്യൂ ഫറാക്ക എക്സ്‌പ്രസിന്റെ എഞ്ചിനും ഒൻപത് കോച്ചുകളും പാളം തെറ്റി. ലക്നൗവിൽ നിന്നും വാരാണസിയിൽ നിന്നും ദുരന്തനിവാരണ സേനാംഗങ്ങൾ സംഭവസ്ഥലത്തെത്തി. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്കു മാറ്റി. ആയിരത്തോളം യാത്രക്കാരെ ബസിൽ ലക്‌നൗവിലെത്തിച്ചു. 26 ട്രെയിനുകളെയാണ് അപകടം പ്രതികൂലമായി ബാധിച്ചത്.
അപകടവിവരമറിഞ്ഞ് റെയിൽവേ ബോർഡ് ചെയർമാൻ അശ്വിനി ലൊഹാനി റായ്ബറേലിയിലേക്കു തിരിച്ചു. രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും അപകടത്തിൽപ്പെട്ടവർക്ക് ചികിത്സാ സൗകര്യമൊരുക്കാനും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവർക്ക് 50,000 രൂപ വീതവും സർക്കാർ സഹായധനം പ്രഖ്യാപിച്ചു.
സംഭവത്തിൽ റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ അന്വേഷണത്തിന് ഉത്തരവിട്ടു.
2016 നവംബറിൽ ഇൻഡോ- പാറ്റ്ന എക്‌സ്‌പ്രസ് കാൺപൂരിൽ പാളം തെറ്റി 150 പേർ മരിച്ചിരുന്നു.