ncw-sabarimala

ന്യൂഡൽഹി:ശബരിമല വിധിക്കെതിരെ സ്ത്രീകളടക്കം നടത്തുന്ന സമരത്തിനെതിരെ രൂക്ഷ വിമർശനവുമായി ദേശീയ വനിതാ കമ്മിഷൻ അദ്ധ്യക്ഷ രേഖ ശർമ രംഗത്ത്. സുപ്രീം കോടതി വിധിക്കെതിരെ സ്ത്രീകൾ തെരുവിലിറങ്ങി സമരം ചെയ്യുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല, ആഗ്രഹമുള്ളവർ മാത്രം ശബരിമലയിലേക്ക് പോകാൻ മതി. ഇതിനായി ആരെയും നിർബന്ധിക്കുന്നില്ല. എന്നാൽ ശബരിമലയിൽ പോകുന്നവരെ എതിർക്കുന്നതെന്തിനാണ്. പോകുന്നതും പോകാതിരിക്കുന്നതും അവരുടെ അവകാശമാണെന്നും അവർ കൂട്ടിച്ചേർത്തു.

അതേസമയം, ശബരിമലയിൽ പ്രവേശിക്കണമെന്ന് ആഗ്രഹിക്കുന്നവരുടെയും ഇതിനെതിരെ പ്രതിഷേധിക്കുന്നവരുടെയും അവകാശങ്ങൾ തുല്യമാണെന്നും രേഖാ ശർമ വിശദീകരിച്ചു. ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന വിധി മറികടക്കാൻ നിയമ നിർമാണം ആവശ്യമില്ല. സ്ത്രീകളുടെ അവകാശങ്ങൾ ഹനിക്കുന്ന ഒരു നിലപാടും നിലനിൽക്കില്ലെന്നും രേഖ ശർമ വ്യക്തമാക്കി.

നേരത്തെ, ശബരിമലയിൽ പോകുന്ന സ്ത്രീകൾക്ക് സംരക്ഷണം നൽകാൻ സർക്കാർ തയ്യാറാകണമെന്ന് സംസ്ഥാന വനിതാ കമ്മിഷൻ അദ്ധ്യക്ഷ എം.സി.ജോസഫൈനും ആവശ്യപ്പെട്ടിരുന്നു. ക്ഷേത്രത്തിലും പള്ളിയിലും പോകുന്നവർക്ക് പോകാം. ഇവിടങ്ങളിൽ പോകേണ്ടതില്ലെന്ന് തീരുമാനിക്കുന്നവർക്ക് പോകാതെയിരിക്കാം. പോകുന്നവർക്ക് സംരക്ഷണം നൽകാൻ സർക്കാർ തയ്യാറാകണമെന്നും അവർ ആവശ്യപ്പെട്ടു.