sabarimala-women-entry

1. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ നിലപാട് വ്യക്തമാക്കി ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ രേഖാ ശർമ്മ. ശബരിമലയിൽ എല്ലാ പ്രായത്തിലും ഉള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി മറികടക്കാൻ നിയമ നിർമ്മാണം വേണം എന്ന ആവശ്യം രേഖ ശർമ്മ തള്ളി. സ്ത്രീകളുടെ സ്വാതന്ത്ര്യം ഹനിക്കുന്ന ഒരു നിയമവും നിലനിൽക്കില്ലെന്നും വനിത കമ്മിഷൻ അദ്ധ്യക്ഷ. വിധിക്ക് എതിരെ തെരുവിൽ ഇറങ്ങി പ്രതിഷേധിക്കുന്ന സ്ത്രീകൾക്ക് അധ്യക്ഷയുടെ വിമർശനം

2. ശബരിമലയിൽ പോകാൻ താത്പര്യം ഉള്ളവർ മാത്രം പോയാൽ മതി എന്നും ആരെയും നിർബന്ധിക്കുന്നില്ലെന്നും രേഖ ശർമ്മ. ശബരിമലയിൽ പോകുന്ന സ്ത്രീകൾക്ക് സംരക്ഷണം ഉറപ്പാക്കാൻ സർക്കാർ തയ്യാർ ആകണം എന്ന് സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷ എം.സി ജോസഫൈനും ആവശ്യപ്പെട്ടിരുന്നു. അതിനിടെ വിഷയത്തിൽ ബി.ജെ.പി സംസ്ഥാന ഘടകത്തിന് പിന്തുണയുമായി പ്രകാശ് ജാവദേക്കറും. പ്രശ്നത്തിൽ ബി.ജെ.പി സംസ്ഥാന ഘടകം നിലപാട് വ്യക്തമാക്കിയിട്ടുണ്ട് എന്നും പ്രകാശ് ജാവദേക്കർ.

3. ബി.ജെ.പിക്ക് എതിരായ വിശാല സഖ്യത്തിൽ നിന്ന് ബി.എസ്.പി പിൻമാറിയതിന് പിന്നാലെ തെലങ്കാനയിലും കോൺഗ്രസിന് തിരിച്ചടി. തെലങ്കാനയിൽ അധികാരം പിടിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നത്, ടി.ഡി.പി, സി.പി.ഐ, തെലങ്കാന ജനസമിതി എന്നി പാർട്ടികളുമായി ചേർന്ന്. എന്നാൽ കോൺഗ്രസുമായി സഹകരിക്കാൻ ബുദ്ധിമുട്ടാണെന്ന് തെലങ്കാന ജന സമിതിയുടെ പ്രതികരണം. വിശാല സഖ്യത്തിന് തിരിച്ചടിയാകുന്നത് സീറ്റ് വിഭജനത്തിലെ തർക്കം.

4. സീറ്റുകളുടെ കാര്യത്തിൽ രണ്ട് ദിവസത്തിനുള്ളിൽ തീരുമാനം ഉണ്ടാകണം എന്ന് കോൺഗ്രസിന് ടി.ജെ.എസിന്റെ മുന്നറിയിപ്പ്. വിശാല സഖ്യത്തിൽ ടി.ജെ.എസ് ആവശ്യപ്പെടുന്നത് 30 സീറ്റുകൾ. എന്നാൽ അഞ്ച് സീറ്റുകൾ മാത്രമേ നൽകാനാകൂ എന്ന് കോൺഗ്രസ് നിലപാട്. അതേസമയം, സീറ്റ് വിഭജനം കോൺഗ്രസിനും തലവേദന എന്ന് സൂചന. 119 സീറ്റുകളിലേക്ക് കോൺഗ്രസ് നേതൃത്വത്തിന് കിട്ടിയത് ആയിരത്തിൽ അധികം അപേക്ഷകൾ.

5. വമ്പൻമാരെ പ്രതിക്കൂട്ടിലാക്കിയ മീ ടു കാമ്പയിന്റെ ഭാഗമായി കേന്ദ്രമന്ത്രി എം.ജെ. അക്ബറിന് എതിരെ കൂടുതൽ വെളിപ്പെടുത്തൽ. അക്ബർ ലൈംഗിക അതിക്രമം നടത്തി എന്ന് ഏഷ്യൻ ഏജിലെ മുൻ മാദ്ധ്യമപ്രവർത്തക. മുതിർന്ന മാദ്ധ്യമപ്രവർത്തകൻ കൂടിയായ എം.ജെ അക്ബർ, എഡിറ്റർ ആയിരിക്കെ ജോലിക്ക് അഭിമുഖത്തിന് എത്തുന്ന വനിതാ മാദ്ധ്യമപ്രവർത്തകരോട് അപമര്യാദയായി പെരുമാറി എന്ന വെളിപ്പെടുത്തൽ ഉണ്ടായത് ഇന്നലെ. മോദി മന്ത്രിസഭയിൽ നിന്ന് അക്ബറിനെ പുറത്താക്കണം എന്ന ആവശ്യം ശക്തം.

6. അതേസമയം കാസ്റ്റിംഗ് ഡയറക്ടറായിരുന്ന ടെസ് ജോസഫിന്റെ ആരോപണം നിഷേധിച്ച് നടനും എം.എൽ.എയുമായ മുകേഷ്. പെൺകുട്ടിയെ ഓർമ്മ ഇല്ലെന്നും താൻ അങ്ങനെ ചെയ്യില്ല എന്നും മുകേഷ്. ഫോണിലൂടെ ശല്യപ്പെടുത്തി എന്നാണ് പെൺകുട്ടിയുടെ ആരോപണം ഇത് താൻ ആണെന്ന് എന്നതിന് എന്താണ് ഉറപ്പെന്ന് മുകേഷിന്റെ ചോദ്യം. തെറ്റിധാരണ മൂലമാണ് പെൺകുട്ടി ആരോപണം ഉന്നയിച്ചതെന്നും എം.എൽ.എ.

7. ഡെറക് ഒബ്രയാൻ തന്റെ അടുത്ത സുഹൃത്ത്. മീ ടൂ കാമ്പയിനെ താനും പിന്തുണയ്ക്കുന്നു. പെൺകുട്ടികൾ മുന്നോട്ട് വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം. നിയമ നടപടിയെ പറ്റി പാർട്ടിയുമായി ആലോചിച്ച് തീരുമാനം എടുക്കും എന്നും മാദ്ധ്യമങ്ങൾക്ക് മുന്നിൽ മുകേഷ്. എം.എൽ.എയ്ക്ക് എതിരായ ആരോപണം പാർട്ടി ചർച്ചചെയ്ത് തീരുമാനം എടുക്കും എന്ന് മന്ത്രി എ.കെ. ബാലൻ. 19 വർഷം മുൻപ് ചെന്നൈയിൽ വച്ച് ഒരു ചാനൽ പരിപാടിക്കിടെ മുകേഷ് തന്നോട് മോശമായി പെരുമാറി എന്നാണ് ടെസ് ജോസഫിന്റെ ആരോപണം.

8. ബ്രൂവറി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തീർപ്പാക്കി ഹൈക്കോടതി. നടപടി, അനുമതി സർക്കാർ റദ്ദാക്കിയ സാഹചര്യത്തിൽ ഹർജിക്ക് പ്രസക്തിയില്ല എന്ന നിരീക്ഷണത്തോടെ. സ്വതന്ത്ര ഏജൻസി അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ് ഹർജിക്കാർ കോടതിയെ സമീപിച്ചത്. അതേസമയം, ബ്രൂവറി, ഡിസ്റ്റിലറി അപേക്ഷകളിൽ പ്രാഥമിക അനുമതിക്കായി ഫയൽ നീക്കാൻ എക്‌സൈസ് മന്ത്രിയുടെ ഓഫീസ് കോഴ വാങ്ങി എന്ന ആരോപണം ശക്തം

9. അനുമതി നിഷേധിച്ചിട്ടും പ്രതിപക്ഷം പ്രതിഷേധം തുടരുന്നതിനിടെ, ഡിസ്റ്റിലറിയിൽ അടിതെറ്റിയ സർക്കാരിനേയും മന്ത്രിയേയും രക്ഷിക്കാൻ എക്‌സൈസ് വകുപ്പ് നീക്കം തുടങ്ങിയതായി റിപ്പോർട്ട്. പ്രാഥമിക അനുമതി പിൻവലിച്ചതിനു പിന്നാലെ ഇതുവരെയുള്ള നടപടിക്രമങ്ങൾ സാധൂകരിക്കാനുള്ള റിപ്പോർട്ടുകളാണ് എക്‌സൈസ് ഒരുക്കുന്നത്. ഇതിനുള്ള നിർദ്ദേശം അതത് ഡെപ്യൂട്ടി കമ്മിഷണർമാർക്ക് നൽകിയതായും വിവരം