kallar

തിരുവനന്തപുരത്ത് ഒരു ദിവസം ചെലവഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് പോകാവുന്നയിടങ്ങളാണ് കല്ലാറും മീൻമുട്ടിയും. പൊൻമുടിയിലേയ്ക്കുള്ള യാത്രാ മധ്യേ വിതുര കഴിഞ്ഞു കുറെ ദൂരം താണ്ടുമ്പോൾ ഇടതുവശത്തുകൂടി വെള്ളാരം കല്ലുകൾ പാകി കല്ലാർ ഒഴുകിപ്പോകുന്നത് കാണാം. അകലെയായി മഞ്ഞുമൂടിക്കിടക്കുന്ന പൊൻമുടിയിലെ മലനിരകളും കാണാം.

ജില്ലയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രം പൊന്മുടിയിലേക്കുള്ള വഴി മധ്യേയുള്ള ഒരു പ്രധാന ടൂറിസ്റ്റ് ആകർഷണമാണ് കല്ലാർ. തിരുവനന്തപുരത്ത് നിന്ന് ഏകദേശം 50 കിലോമീറ്റർ അകലെയുള്ള കല്ലാറിന് ആ പേര് ലഭിച്ചത് ഇവിടെ സുലഭമായ വെള്ളാരം കല്ലുകളിൽ നിന്നാണ്. മഴക്കാലം ഒഴികെ ഏത് കാലാവസ്ഥയിലും ഉല്ലാസയാത്രയ്ക്ക് യോജിച്ച പ്രദേശമാണ് കല്ലാർ.kallar1

കല്ലാർ - പൊന്മുടി പാതയിലെ പാലത്തിന് സമീപത്തു നിന്ന് ഏകദേശം 4 കിലോമീറ്റർ അകലെയായി കാട്ടിനുള്ളിലാണ് മീൻമുട്ടി വെള്ളച്ചാട്ടം. മീന്മുട്ടിയിലേക്കുള്ള പാതയിൽ വിവിധയിനം പക്ഷികളെയും ചിത്രശലഭങ്ങളെയും ഉരഗങ്ങളെയും കാണാനാവും. നിറഞ്ഞൊഴുകുന്ന വെള്ളച്ചാട്ടം മനസിന് കുളിർമ പകരുമെന്നതിൽ സംശയം വേണ്ട. കാടും അരുവിയും ഒത്തുചേരുന്ന ഇവിടുത്തെ ദൃശ്യങ്ങൾ ഒരിക്കലും മറക്കാനാവാത്ത ഓർമകളാണ് സഞ്ചാരികൾക്ക് നൽകുന്നത്. ട്രെക്കിങ്ങിനും പക്ഷി നിരീക്ഷണത്തിനും പേരുകേട്ട കല്ലാർ വിവിധങ്ങളായ ഉരഗ വർഗങ്ങളുടെ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമാണ്. അതേ സമയം അല്പം ശ്രദ്ധയോടെയും കരുതലോടെയും വേണം കല്ലാറിലേക്ക് ഇറങ്ങാൻ. അപകടം പതിയിരിക്കുന്ന സ്ഥലം കൂടിയായതിനാൽ കർശന നിയന്ത്രണത്തോടെയാണ് കല്ലാറിലേക്കുള്ള പ്രവേശനം. ഇതിന് അടുത്തുതന്നെയാണ് പ്രശസ്തമായ മീൻമുട്ടി വെള്ളച്ചാട്ടവും ഗോൾഡൻ വാലിയും. ടൂറിസ്റ്റ് അധികൃതരും നാട്ടുകാരും ചേർന്നുള്ള കല്ലാർ വനസംരക്ഷണ സമിതി സഞ്ചാരികൾക്ക് വേണ്ട സഹായങ്ങൾ ഒരുക്കുന്നുണ്ട്. പോകുന്ന വഴിയിൽ വന വിഭവങ്ങൾ വിൽക്കുന്ന കടകളും കാണാം. അവിടെ നിന്ന് നേരെ പൊന്മുടിയിലേക്ക് പോകാവുന്നതാണ്.