തിരുവനന്തപുരം: വനിതാ പൊലീസുകാർ ആരുടെയും അടിമകളല്ലെന്നും അവർക്ക് അവരുടേതായ വിശ്വാസമുണ്ടെന്ന് ഭരണകൂടം ഓർക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികല പറഞ്ഞു. ശബരിമലയിൽ വനിതാ പൊലീസിനെ വിന്യസിക്കാൻ സർക്കാരിന് തീരുമാനിക്കാനാവില്ലെന്നും കേരളത്തിൽ കമ്യൂണിസ്റ്റ് ഭരണകൂടമല്ല, കമ്യൂണിസ്റ്റ് സർക്കാരാണുള്ളത്. ഇതു തമ്മിൽ വ്യത്യാസമുണ്ടെന്നും ശശികല വ്യക്തമാക്കി.
ശബരിമല വിഷയത്തിൽ തീരുമാനമെടുക്കേണ്ടത് സമൂഹമാണ്. സമൂഹം ആവശ്യപ്പെട്ടാൽ മാത്രമേ സ്ത്രീ പ്രവേശനത്തെ കുറിച്ച് ഭരണകൂടം ചിന്തിക്കാവു. പത്തു വയസ്സു മുതൽ അൻപതു വയസ്സുവരെയുള്ള സ്ത്രീകൾ ശബരിമലയിൽ പ്രവേശിക്കുന്ന കാര്യമാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. അവരുടെ കാര്യം പറയാൻ അവർക്കറിയാം. ഈ പ്രായത്തിലുള്ളവർ ഇതുവരെ ശബരിമലയിൽ പ്രവേശിക്കണമെന്ന് പറഞ്ഞിട്ടില്ല. ഇപ്പോൾ ശബരിമലയിൽ സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്ന എസ്.എഫ്.ഐയോ ഡി.വൈ.എഫ്.ഐയോ സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് ഒരു സമരവും നടത്തിയിട്ടില്ല. ഇടതുപക്ഷത്തെ വനിതാ സംഘടനകളും ഇങ്ങനെയൊരു വിഷയത്തിൽ പ്രതഷേധം സംഘടിപ്പിച്ചിട്ടില്ല- ശശികല പറഞ്ഞു.