ന്യൂഡൽഹി: സി.പി.എം മുഖപത്രമായ ഡെയിലി ദേശർ കഥയുടെ ലൈസൻസ് റദ്ദാക്കിയ ത്രിപുര സർക്കാരിന്റെ നീക്കത്തിന് ത്രിപുര ഹൈക്കോടതി സ്‌റ്റേ. സംസ്ഥാനത്ത് മാദ്ധ്യമങ്ങൾക്ക് പ്രവർത്തിക്കാൻ ഒരു വിലക്കും ഏർപ്പെടുത്തിയില്ലെന്ന് ചൂണ്ടിക്കാട്ടായാണ് കോടതി പത്രത്തിന് അച്ചടി തുടരാൻ അനുമതി നൽകിയത്. പത്രത്തിന്റെ അച്ചടി വ്യാഴാഴ്‌ച മുതൽ പുനരാരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് ബി.ജെ.പി നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ പത്രത്തിനെ അടച്ച് പൂട്ടിയതെന്നും സി.പി.എം ആരോപിച്ചു.
ഈ മാസം ഒന്നിനാണ് ഡെയിലി ദേശർ കഥയുടെ അച്ചടി നിറുത്തണമെന്ന് ആവശ്യപ്പെട്ട് രജിസ്‌ട്രാർ ഒഫ് ന്യൂസ്‌പേപ്പേഴ്സ് ഇൻ ഇന്ത്യ (ആർ.എൻ.ഐ) നോട്ടീസ് നൽകിയത്. പശ്ചിമ ത്രിപുര ജില്ലാ മജിസ്ട്രേറ്റിന്റെ ഉത്തരവ് ചൂണ്ടിക്കാട്ടിയായിരുന്നു ആർ.എൻ.ഐയുടെ ഉത്തരവിൽ പറഞ്ഞിരുന്നത്. നീക്കം രാഷ്ട്രീയ പകപോക്കലാണെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സി.പി.എം നേതൃത്വം ത്രിപുര ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വിഷയത്തിൽ വാദം കേട്ട ചീഫ് ജസ്‌റ്റിസ് അജയ് കുമാർ രസ്‌തോഗിയാണ് അനുകൂലമായി വിധി പ്രഖ്യാപിച്ചത്.