ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെ പ്രതിസന്ധിയിലാഴ്‌ത്തിയ റാഫേൽ യുദ്ധവിമാന ഇടപാടിൽ ഞെട്ടിക്കുന്ന പുതിയ വെളിപ്പെടുത്തൽ. വിമാന കരാറിൽ അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസ് കമ്പനിയെ പങ്കാളിയാക്കാൻ നിർബന്ധിത വ്യവസ്ഥയുണ്ടായിരുന്നെന്നാണ് പുതിയ വെളിപ്പെടുത്തൽ. ഫ്രഞ്ച് മാദ്ധ്യമമായ മീഡിയ പാർട്ടാണ് ഇത് സംബന്ധിച്ച് വെളിപ്പെടുത്തൽ പുറത്തുവിട്ടത്.
റഫേൽ വിമാനക്കരാറിൽ റിലയൻസ് ഗ്രൂപ്പിനെ പങ്കാളിയാക്കാൻ നിർദേശിച്ചത് നരേന്ദ്ര മോദി സർക്കാരാണെന്ന് ഫ്രഞ്ച് മുൻ പ്രസിഡന്റ് ഫ്രാൻസോ ഒലാന്ദെ വെളിപ്പെടുത്തിയിരുന്നു. മീഡിയ പാർട്ട് പ്രസിഡന്റുമായി നടത്തിയ അഭിമുഖത്തിലാണ് ഇതുസംബന്ധിച്ച വെളിപ്പെടുത്തൽ പുറത്തുവന്നത്. 36 റാഫേൽ യുദ്ധവിമാനങ്ങൾ ഫ്രഞ്ച് കമ്പനിയായ ഡസാൾട്ട് ഏവിയേഷനിൽ നിന്നും വാങ്ങിയതിൽ വൻ ക്രമക്കേട് നടന്നിട്ടിട്ടുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പുതിയ വെളിപ്പെടുത്തൽ.