bengaluru-terror-attack

കണ്ണൂർ: ബംഗളൂരു സ്‌ഫോടനക്കേസ് പ്രതിയായ പി.സലീമിനെ കണ്ണൂർ പിണറായിയിൽ നിന്ന് പൊലീസ് സംഘം പിടികൂടി. ബുധനാഴ്‌ച രാത്രിയോടെ പിണറായിയിലെത്തിയ ഇയാളെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പിടികൂടിയത്. കേസിലെ പ്രധാന പ്രതിയായ തടിയന്റവിട നസീറിന്റെ കൂട്ടാളിയായ ഇയാളെ കഴിഞ്ഞ പത്ത് വർഷമായി ദേശീയ അന്വേഷണ ഏജൻസി അന്വേഷിച്ച് വരികയാണ്. പിടിയിലായ സലീമീനെ കണ്ണൂർ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്‌ത് വരികയാണ്.

കേസിലെ 21ആം പ്രതിയായ സലീമാണ് ആക്രമണത്തിന് ആവശ്യമായ സ്‌ഫോടക വസ്‌തുക്കൾ മോഷ്‌ടിച്ച് വാഹനങ്ങളിൽ നിറച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. എന്നാൽ കേസിൽ പ്രതി ചേർ‌ത്തെങ്കിലും സലീമിനെ പിടിക്കാൻ പൊലീസിന് ഇതുവരെ കഴിഞ്ഞിരുന്നില്ല. സലീം കണ്ണൂരിൽ തന്നെ സുരക്ഷിതമായി ഉണ്ടെന്ന് വിവരം ലഭിച്ചിരുന്നുവെങ്കിലും പൊലീസിനെ കബളിപ്പിച്ച് ഇയാൾ പലപ്പോഴായി രക്ഷപ്പെടുകയായിരുന്നു. ഇപ്പോൾ കണ്ണൂർ പൊലീസ് ക്ലബ്ബിൽ എത്തിച്ച ഇയാളെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ കാര്യങ്ങൾ തെളിയിക്കാനാകുമെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന.

2008 ജൂലൈ 25നാണ് ബംഗളൂരുവിലെ എട്ടിടങ്ങളിൽ തടിയന്റവിട നസീറിന്റെ നേതൃത്വത്തിലുള്ള തീവ്രവാദികൾ സ്‌ഫോടന പരമ്പര നടത്തിയത്. സ്‌ഫോടനത്തിൽ രണ്ടുപേർ മരിക്കുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. നസീറിനു പുറമേ പി.ഡി.പി ചെയർമാൻ അബ്‌ദുൾനാസർ മഅദനിയും ഈ കേസിലെ കുറ്റാരോപിതനാണ്. 31ആം പ്രതിസ്ഥാനത്താണ് മഅദനിയുള്ളത്. കേസിലെ 32 പ്രതികളിൽ 17 പേരും മലയാളികളാണ്. ഇതിൽ നാല് പേർ കാശ്‌മീരിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടുവെന്നാണ് വിവരം.