ഹൈദരാബാദ് : വെസ്റ്റ് ഇൻഡീസുമായുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് നാളെ ഹൈദരാബാദിൽ തുടങ്ങാനിരിക്കെ ഏകദിന, ട്വന്റി-20 പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിക്കും.
തിരുവനന്തപുരത്ത് ഉൾപ്പെടെ അഞ്ച് ഏകദിനങ്ങളും മൂന്ന് ട്വന്റി-20കളുമാണ് പരമ്പരയിലുള്ളത്. ഈ മാസം 21 നാണ് ആദ്യ ഏകദിനം. നവംബർ ഒന്നിന് കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിലാണ് അഞ്ചാം ഏകദിനം.
പരമ്പരയിലെ എല്ലാ ഏകദിനങ്ങൾക്കുമുള്ള ടീമിനെ ഇന്ന് പ്രഖ്യാപിച്ചേക്കില്ല എന്നാണ് അറിയുന്നത്. ആദ്യ മൂന്ന് ഏകദിനങ്ങൾക്കുള്ള ടീമിനെ പ്രഖ്യാപിക്കാനാണ് സാദ്ധ്യതയേറെ. അവസാന രണ്ട് ഏകദിനങ്ങൾക്കും ട്വന്റി 20 യ്ക്കുമുള്ള ടീമിനെ പിന്നീട് നിശ്ചയിച്ചേക്കും.
ടീം സെലക്ഷനിൽ വലിയ മാറ്റങ്ങൾ ഉണ്ടാകാനുള്ള സാദ്ധ്യത കുറവാണ്. ഏഷ്യാ കപ്പിൽ നിന്ന് വിട്ടുനിന്ന വിരാട് കൊഹ്ലി നായക സ്ഥാനത്തേക്ക് മടങ്ങിയെത്തിയേക്കും. മുൻനായകൻ മഹേന്ദ്ര സിംഗ് ധോണി വിക്കറ്റ് കീപ്പിംഗിൽ ഗംഭീരമാണെങ്കിലും ബാറ്റിംഗിൽ ഫോമിലല്ലാത്തത് സെലക്ടർമാരെ അലട്ടുന്നുണ്ട്. ഈ സാഹചര്യത്തിൽ യുവ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്തിനെ ടീമിലെടുത്തേക്കും. വിക്കറ്റ് കീപ്പറായ ദിനേഷ് കാർത്തിക് സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാന്റെ റോളിൽ ടീമിൽ തുടരും.
ഏഷ്യാ കപ്പിനിടെ പരിക്കേറ്റ കേദാർ യാദവ് പരമ്പരയിൽ ഉണ്ടാകാൻ സാദ്ധ്യതയില്ല. അമ്പാട്ടി റായ്ഡു തുടരാനാണ് സാദ്ധ്യത. അക്ഷർ പട്ടേലിന് പകരം രവീന്ദ്ര ജഡേജയെ ടീമിലെടുക്കാൻ സാദ്ധ്യതയുണ്ട്. ഭുവനേശ്വർ കുമാറും ജസ്പ്രീത് ബുംറയും ഏകദിന ടീമിലേക്ക് മടങ്ങിയെത്തിയേക്കും. ഏഷ്യാകപ്പിൽ അഫ്ഗാനിസ്ഥാനെതിരെ അവസരം ലഭിച്ചിട്ടും പ്രയോജനപ്പെടുത്താനാകാത്ത മനീഷ് പാണ്ഡെ പുറത്തുപോയേക്കും.
ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽ നിന്ന് കരുൺ നായരെയും മുരളി വിജയ്യെയും ഒഴിവാക്കിയത് വിവാദം സൃഷ്ടിച്ചതിനുശേഷമുള്ള ആദ്യ സെലക്ഷൻ കമ്മിറ്റി യോഗമാണിത്. എം.എസ്.കെ പ്രസാദാണ് സെലക്ഷൻ കമ്മിറ്റി ചെയർമാൻ.
കൊഹ്ലിയെയും രവിശാസ്ത്രിയെയും മറികടന്ന് സെലക്ഷൻ തീരുമാനങ്ങളെടുക്കാൻ എം.എസ്.കെ. പ്രസാദിന് കഴിവില്ലെന്ന് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ സെയ്ദ് കിർമാനി കഴിഞ്ഞദിവസം ആരോപിച്ചിരുന്നു.