ബ്യൂണസ് അയേഴ്സ് : അർജന്റീനയിൽ നടക്കുന്ന യൂത്ത് ഒളിമ്പിക്സിൽ ഇന്ത്യയുടെ സ്വർണ വെടിമുഴക്കം തുടരുന്നു. ഇന്നലെ പുരുഷന്മാരുടെ 1 0 മീറ്റർ എയർ പിസ്റ്റളിൽ സൗരഭ് ചൗധരിയാണ് സ്വർണം നേടിയത്.
16 കാരനായ സൗരഭ് 244.2 പോയിന്റ് നേടിയാണ് ഫൈനലിൽ ഒന്നാമതെത്തിയത്. ദക്ഷിണ കൊറിയയുടെ സുംഗ് യുൻഹോ വെള്ളിയും സ്വിറ്റ്സർലൻഡിന്റെ സൊളാരി ജാസൺ വെങ്കലവും നേടി.
കഴിഞ്ഞദിവസം വനിതാ ഷൂട്ടിംഗിൽ മനുഭാക്കറും പുരുഷ വെയ്റ്റ് ലിഫ്റ്റിംഗിൽ ജെറമിലാൽറിന്നുംഗയും സ്വർണം നേടിയിരുന്നു. 62 കി.ഗ്രാം ഭാരദ്വഹനത്തിലാണ് ജെറമി സ്വർണമുയർത്തിയത്. 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിലായിരുന്നു മനു പൊന്നണിഞ്ഞത്. ഇതോടെ യൂത്ത് ഒളിമ്പിക്സിലെ ഇന്ത്യയുടെ ആകെ സ്വർണ നേട്ടം മൂന്നായി.
യൂത്ത് ഒളിമ്പിക്സിന്റെ ആദ്യ ദിനം ഇന്ത്യ മൂന്ന് വെള്ളി മെഡലുകൾ നേടിയിരുന്നു. ഷൂട്ടിംഗിലായിരുന്നു രണ്ട് വെള്ളി മെഡലുകൾ. പുരുഷൻമാരുടെ 10 മീറ്റർ എയർ റൈഫിളിൽ തുഷാർ മാനേയും വനിതകളുടെ 10 മീറ്റർ എയർ റൈഫിളിൽ മെഹുലി ഘോഷുമാണ് വെള്ളികൾ നേടിയത്.
വനിതാ ജൂഡോയിൽ തബാബി ദേവിയും വെള്ളിയണിഞ്ഞു. ഒളിമ്പിക് ലെവൽ മത്സരത്തിൽ ലഭിക്കുന്ന ആദ്യ ജൂഡോ മെഡലായിരുന്നു തബാബിയുടേത്.
യൂത്ത് ഒളിമ്പിക്സ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും മികച്ച മെഡൽ വേട്ടയ്ക്കാണ് ബ്യൂണസ് അയേഴ്സ് സാക്ഷ്യം വഹിച്ചിരിക്കുന്നത്. 2014 ലെ നാൻജിംഗ് യൂത്ത് ഒളിമ്പിക്സിൽ രണ്ട് മെഡലുകൾ നേടിയതായിരുന്നു ഇതിനു മുമ്പുള്ള മികച്ച പ്രകടനം.