തിരുവനന്തപുരം: സംസ്ഥാനം പ്രളയദുരന്തം നേരിട്ടപ്പോഴും ഏഷ്യൻ ഗെയിംസിൽ മികച്ച വിജയം നേടാൻ സംസ്ഥാനത്തുനിന്നുള്ള താരങ്ങൾക്കായത് ഉത്തേജനംപകരുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരിശ്രമിച്ചാൽ ഇനിയും നേട്ടം കൈവരിക്കാനാവും. അടുത്ത ലക്ഷ്യം ഒളിംപിക്സാവണം.അതിനായി വിവിധ പദ്ധതികൾ സർക്കാർ ആവിഷ്ക്കരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ മലയാളി കായിക താരങ്ങൾക്ക് ക്യാഷ് അവാർഡ് സമ്മാനിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
പോലീസിൽ കൂടുതൽ കായികതാരങ്ങൾക്ക് ജോലി നൽകുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച കായികമന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. കായികരംഗത്തെമികവ്പരിഗണിച്ച് 249 പേർക്ക് ഉടൻ സർക്കാർ ജോലി നൽകും. ഇതുവരെ 157 പേർക്ക് സർക്കാർ തൊഴിൽ നൽകിയിട്ടുണ്ട്.
ജിൻസൺ ജോൺസൻ, വിസ്മയ വി.കെ, നീന വി, മുഹമ്മദ് അനസ്, കുഞ്ഞുമുഹമ്മദ്, ജിത്തു ബേബി, പി. യു. ചിത്ര എന്നിവർ മുഖ്യമന്ത്രിയിൽ നിന്ന് ക്യാഷ് അവാർഡുകൾ ഏറ്റുവാങ്ങി. ദീപിക പള്ളിക്കൽ, സുനൈന കുരുവിള, ശ്രീജേഷ് എന്നിവരുടെ അവാർഡ് രക്ഷകർത്താക്കൾ ഏറ്റുവാങ്ങി. സ്വർണ മെഡൽ നേടിയവർക്ക് 20ഉം വെള്ളി നേടിയവർക്ക് 15ഉം വെങ്കലം നേടിയവർക്ക് 10ഉം ലക്ഷം രൂപയാണ് നൽകിയത്. 14 മെഡലുകളാണ് പത്ത് താരങ്ങൾ നേടിയത്. മികച്ച പരിശീലകരെയും ആദരിച്ചു. ധ്യാൻചന്ദ് പുരസ്കാരം നേടിയ മുൻ താരം ബോബി അലോഷ്യസിനെ ചടങ്ങിൽ ആദരിച്ചു.
ഒ.രാജഗോപാൽ എം. എൽ. എ, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ടി.പി.ദാസൻ,കായിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.ജയതിലക്,സ്പോർട്സ് കൗൺസിൽ അഡ്മിനിസ്ട്രേറ്റീവ് ബോർഡ് അംഗങ്ങളായ എം.ആർ.രഞ്ജിത്ത്,ഡി.വിജയകുമാർ,ഒ.കെ.വിനീഷ്,സെക്രട്ടറി സഞ്ജയൻകുമാർ, ഡി.മോഹനൻ എന്നിവർ സംസാരിച്ചു.