ദുബായ് : പാകിസ്ഥാനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ തോൽവി ഒഴിവാക്കാൻ ആസ്ട്രേലിയ പൊരുതുന്നു. രണ്ടാം ഇന്നിംഗ്സിൽ 462 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ആസ്ട്രേലിയ നാലാം ദിവസം ഒടുവിൽ വിവരം ലഭിക്കുമ്പോൾ 136/3 എന്ന നിലയിലാണ്. വിജയിക്കാൻ ഒരു ദിവസം ശേഷിക്കേ 326 റൺസ് കൂടിയാണ് ആസ്ട്രേലിയയ്ക്ക് വേണ്ടത്.
ആദ്യ ഇന്നിംഗ്സിൽ പാകിസ്ഥാൻ 482 റൺസാണ് നേടിയിരുന്നത്. മുഹമ്മദ് ഹഫീസിന്റെയും (126), ഹാരീസ് സൊഗെലിന്റെയും (11 0 ) സെഞ്ച്വറികളും ഇമാം ഉൽഹഖിന്റെയും (76), ആസാദ് ഷഫീഖിന്റെയും (8 0 ) അർദ്ധ സെഞ്ച്വറികളുമാണ് പാകിസ്ഥാന് മികച്ച സ്കോർ നൽകിയത്. എന്നാൽ ഒന്നാം ഇന്നിംഗ്സിനിറങ്ങ്രയ ആസ്ട്രേലിയയ്ക്ക് 2 0 2 റൺസിന് ആൾ ഔട്ടാകേണ്ടി വന്നു.
ഉസ്മാൻ ഖ്വാജയും (85), ആരോൺഫിഞ്ചും (62) അർദ്ധ സെഞ്ച്വറികൾ നേടി ആദ്യ വിക്കറ്റിൽ 142 റൺസ് കൂട്ടിച്ചേർത്ത ശേഷം തകർന്നടിയുകയായിരുന്നു ആസ്ട്രേലിയ 6 0 റൺസിനിടെയാണ് പത്തു വിക്കറ്റുകൾ നഷ്ടമായത്. 33-ാം വയസിൽ ടെസ്റ്റ് അരങ്ങേറ്റത്തിനിറങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ ബിലാൽ ആസിഫും നാല് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് അബാസും ചേർന്നാണ് ആസ്ട്രേലിയയെ അരിഞ്ഞിട്ടത്.
മൂന്നാം ദിവസം രണ്ടാം ഇന്നിംഗ്സിനിറങ്ങിയ പാകിസ്ഥാന് നാലാം ദിനം ലഞ്ചിന് ശേഷം 181/6 എന്ന സ്കോറിൽ ഡിക്ളയർ ചെയ്തതിന് ശേഷമാണ് ആസ്ട്രേലിയ രണ്ടാം ഇന്നിംഗ്സിനിറങ്ങിയത്.
രണ്ടാം ഇന്നിംഗ്സിൽ ആസ്ട്രേലിയയ്ക്ക് ആരോൺ ഫിഞ്ച് (49), ഷോൺ മാർഷ് ( 0 ), മിച്ചൽ മാർഷ് ( 0 ), എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. മുഹമ്മദ് അബാസാണ് മൂവരെയും പുറത്താക്കിയത്. കളി നിറുത്തുമ്പോൾ ഉസ്മാൻ ഖ്വാജയും (5 0 ) ട്രാവിസ് ഹെഡുമാണ് (34) ക്രീസിൽ.