para-asian-games

തിരുവനന്തപുരം : അതിർത്തി കാക്കുന്നതിനിടെ നഷ്ടമായതാണ് അനീഷ് കുമാറിന്റെ കാൽവിരലുകൾ.കഴിഞ്ഞദിവസം ഇൻഡോനേഷ്യയിലെ പാരാ ഏഷ്യൻ ഗെയിംസിൽ ഡിസ്‌കസ് ത്രോയിൽ വെങ്കല മെഡൽ ഏറ്റുവാങ്ങുമ്പോൾ തന്റെ ആ നഷ്ടം രാജ്യത്തിന്റെ അഭിമാനമാകാൻ വഴിയൊരുങ്ങിയതോർത്ത് സന്തോഷിക്കുകയായിരുന്നു ഈ പട്ടാളക്കാരൻ.

കൊല്ലം പുത്തൂർ മാവടി സ്വദേശിയായ അനീഷ് കുമാർ സ്കൂൾതലം മുതലേ കായിക താരമായിരുന്നു. ആ മികവിലാണ് 18-ാം വയസിൽ ആർമി സിഗ്നൽസിലേക്ക് സെലക്‌ഷൻ ലഭിച്ചത്. ജബൽപൂരിലെ പരിശീലനത്തിനുശേഷം 2011ൽ സിക്കിമിൽ പോസ്റ്റിംഗ്. അവിടെ അതിർത്തിയിൽ ഒരാഴ്ച പട്രോളിംഗ് സംഘത്തിനൊപ്പം റേഡിയോ സിഗ്നൽ സെറ്റുമായി ഡ്യൂട്ടിക്ക് പോയതായിരുന്നു അനീഷും. സംഘത്തിന് കനത്ത മഞ്ഞിൽ വഴി തെറ്റി. സമയം കഴിഞ്ഞിട്ടും കാണാതിരുന്നതോടെ മറ്റ് സൈനികർ തിരക്കിയിറങ്ങി. മഞ്ഞിൽ കുടുങ്ങിയ നിലയിലാണ് സംഘത്തെ കണ്ടെത്തിയത്. ദീർഘനേരം മഞ്ഞിൽ കുടുങ്ങിയതിനാൽ മരവിച്ച അനീഷിന്റെ ഇടതുകാലിലെ എല്ലാ വിരലുകളും വലതുകാലിലെ രണ്ട് വിരലുകളും മുറിക്കേണ്ടി വന്നു. കാഴ്‌ചയ്‌ക്കും ഗുരുതരമായ കുഴപ്പമുണ്ടായിരുന്നു. ദീർഘനാളത്തെ ചികിത്സയ്ക്കുശേഷമാണ് സാധാരണ നിലയിലായത്.

ആരോഗ്യം വീണ്ടെടുത്ത അനീഷിനെ ആർമി കൈവിട്ടില്ല. ജോലിയിൽ തുടർന്നെങ്കിലും കായിക രംഗത്ത് ഇനി എന്തു ചെയ്യുമെന്ന സങ്കടം അലട്ടി. അങ്ങനെയാണ് അംഗപരിമിതർക്കുള്ള മത്സരങ്ങളിലേക്ക് ചുവടുമാറിയത്. പൂനെയിലെ ആർമി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശീലനം കൂടിയായപ്പോൾ നിരവധി ദേശീയ മെഡലുകൾ അനീഷിനെ തേടിയെത്തി. ഫ്രാൻസിൽ നടന്ന അന്താരാഷ്ട്ര മീറ്റിലും പങ്കെടുത്തു. മാവടിയിലെ പട്ടാള കുടുംബത്തിൽ നിന്നാണ് അനീഷിന്റെ വരവ്. അച്ഛൻ സുരേന്ദ്രൻ പിള്ളയും അപ്പൂപ്പനും അമ്മാവൻമാരുമെല്ലാം പട്ടാളക്കാർ. ചേട്ടൻ അനിൽകുമാർ ഡൽഹിയിൽ സി.ആർ.പി.എഫിൽ. അനിയൻ പട്ടാളത്തിലേക്കുള്ള സെലക്‌ഷനുകളിൽ പങ്കെടുക്കുന്നു. അമ്മ ലീലാ ഭായ്. ഒരു വർഷമായി അനീഷിന്റെ വിവാഹം കഴിഞ്ഞിട്ട്. ഭാര്യ ആലപ്പുഴ വള്ളികുന്നം സ്വദേശിയായ സവിത.