കേരളത്തിൽ രണ്ടാം നിവർത്തന പ്രക്ഷോഭത്തിന് സമയമായെന്ന് എസ്.എൻ.ഡി.പിയോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. സമ്പത്തും ഭൂമിയും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇപ്പോൾ ആരുടെ കൈയിലാണ്. ഇതിനെ ഇനി നോക്കിയിരിക്കാനാവില്ല. കണിച്ചുകുളങ്ങരയിലെ വസതിയിൽ കേരളകൗമുദിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.
മാറി മാറി വന്ന സർക്കാരുകളെല്ലാം സംഘടിത മതശക്തികളുടെ കൈയിലായി. അവർണ്ണന്റെ വോട്ടിൽ മറ്റുള്ളവർ അധികാരം കൈയാളുന്നു. രണ്ടാം ഭൂപരിഷ്കരണ ബിൽ കൊണ്ടുവരാൻ സമയമായി. സാമൂഹിക നീതി ദേവസ്വം ബോർഡിലുണ്ടോ. ദേവസ്വം ബോർഡുകളിലല്ലേ ആദ്യം നീതി നടപ്പിലാക്കേണ്ടത്. ദേവസ്വം ബോർഡ് ആരുടെ കൈയിലാണ്. ശബരിമല പ്രശ്നത്തിന്റെ പേരിൽ വീണ്ടുമൊരു വിമോചന സമരം നടത്താമെന്നാണോ വിചാരം. അതിനെതിരെ സമാനചിന്താഗതിക്കാരുമായി ചേർന്ന് എസ്.എൻ.ഡി.പി യോഗം മുന്നോട്ട് പോകും. സുപ്രീം കോടതി വിധിയുടെ പേരിൽ കലാപഭൂമിയാക്കാനുള്ള ശ്രമം ശരിയല്ല. ഇത് തിരിച്ചറിയാനുള്ള വിവേകം ഞങ്ങൾക്കുണ്ട്. ഈ സാഹചര്യത്തിൽ ഹിന്ദുസംഘടനകളുടെ യോഗം വിളിച്ച് ചർച്ച ചെയ്യാനുള്ള വലിയ മനസ് മുഖ്യമന്ത്രി കാണിക്കണം. ഇപ്പോൾ നടക്കുന്ന പ്രതിഷേധമെല്ലാം വോട്ട് ലക്ഷ്യം വച്ചുകൊണ്ടുള്ളതാണ്.
അവസരത്തിനൊത്ത് വിളവ് കൊയ്യുന്ന രക്തം ഞങ്ങളിലില്ല. പ്രതിസന്ധിയിലും അവശതയിലും സഹായിക്കുന്ന രക്തമാണ് ഞങ്ങളുടേത്. അത് സത്യസന്ധതയുടെയും നീതിയുടെയും ഭാഗത്ത് നിന്നാണ്. ഈ തിരിച്ചറിവ് രാഷ്ട്രീയ നേതൃത്വത്തിനും ഭരണക്കാർക്കും ഉണ്ടാവണം.
ശബരിമല വിധിക്കെതിരെ സമരത്തിനിറങ്ങാൻ തീരുമാനിച്ചതാര്. തമ്പ്രാക്കൻമാർ തീരുമാനിച്ചത് അടിയാൻമാർ അനുസരിച്ചുകൊള്ളണമെന്നാണോ? തന്ത്രി കുടുംബവും രാജകുടുംബവും മുഖ്യമന്ത്രിയോട് മര്യാദ കാട്ടിയില്ല. ഇവർ മാത്രമാണോ ഹിന്ദുക്കൾ. ക്ഷേത്രങ്ങളിൽ പ്രക്ഷോഭത്തിന് ആളും ആരവവും കൂട്ടുന്നു. ഇത് മര്യാദയാണോ. ശബരിമലയിൽ പരമ്പരാഗതമായി വെടിവഴിപാട് നടത്തി വന്ന സുശീലാ ഗോപാലന്റെ കുടുംബമായ ചീരപ്പൻചിറക്കാരിൽ നിന്ന് ആ അവകാശം എടുത്ത് മാറ്റിയില്ലേ? മകരജ്യോതി തെളിച്ചിരുന്ന മലയരയൻമാരുടെ അവകാശം ഇല്ലാതാക്കി. ഇതിനെതിരെ ആരെങ്കിലും കോടതിയിൽ പോയോ? സമരം നടത്തിയോ? എസ്.എൻ.ഡി.പി യോഗം ഭാരവാഹികളുടെയും സമാന ചിന്താഗതിയുള്ള മറ്റ് സംഘടനകളുടെയും യോഗം വിളിച്ച് സത്യത്തിന്റെ വഴിക്ക് സഞ്ചരിക്കും.
ഒരുപാട് ആനുകൂല്യങ്ങൾ എൻ.എസ്.എസിന് അനവസരത്തിൽ കൊടുത്തത് ഈ സർക്കാരാണ്. പിണറായി സർക്കാർ വന്നതിനുശേഷമാണ് തങ്ങൾക്ക് ആനുകൂല്യങ്ങൾ കൂടുതൽ കിട്ടിയതെന്ന് എൻ.എസ്.എസ് തന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണ്. ദേവസ്വം ബോർഡുകളിൽ സാമ്പത്തിക സംവരണം നടപ്പിലാക്കിയപ്പോൾ മറ്റ് ഹിന്ദുസംഘടനകളുമായി ചർച്ച ചെയ്യാനുള്ള മര്യാദ എൽ.ഡി.എഫ് കാണിച്ചില്ല. മന്ത്രി സുധാകരൻ ദേവസ്വം ബോർഡിനായി നല്ലൊരു ബിൽ കൊണ്ടുവന്നു. നിയമസഭ പാസാക്കിയ ബിൽ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടിട്ട് പിന്നെ വെളിച്ചം കണ്ടില്ല. ചങ്ങനാശേരിക്കാരുടെ താത്പര്യപ്രകാരം സുധാകരനിൽ നിന്ന് ദേവസ്വം വകുപ്പ് എടുത്ത് മാറ്റി കടകംപള്ളി സുരേന്ദ്രനെ ഏല്പിച്ചു. കടകംപള്ളിയെ ചങ്ങനാശേരിക്ക് വിട്ട് എല്ലാ ഉറപ്പും നൽകി. അങ്ങനെ ഒരുപാട് ആനുകൂല്യങ്ങൾ പറ്റിയവരാണ് ഇപ്പോൾ തിരിഞ്ഞു കുത്തുന്നത്. അത് വാങ്ങാനുള്ള ബാദ്ധ്യത എൽ.ഡി.എഫിനുണ്ട്. മരമറിഞ്ഞ് കുരുമുളക് കൊടിയിടണമായിരുന്നു. അത് ചെയ്യാതിരുന്നതാണ് എൽ.ഡി.എഫിനേറ്റ ദുരന്തം. ഇത് അവർ എരന്ന് വാങ്ങിച്ചതാണ് - വെള്ളാപ്പള്ളി പറഞ്ഞു.