rafel

പാരീസ്:ഫ്രാൻസിൽ നിന്ന് റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള ഇന്ത്യയുടെ കരാറിൽ അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസിനെ ഓഫ്സെറ്റ് പങ്കാളിയാക്കണമെന്ന് നിർബന്ധിത വ്യവസ്ഥ ഉണ്ടായിരുന്നതായി ഫ്രഞ്ച് അന്വേഷണാത്മക മാദ്ധ്യമമായ മീഡിയ പാർട്ട് റിപ്പോർട്ട് ചെയ്‌തു. ഇക്കാര്യം വ്യക്തമാക്കുന്ന കരാറിന്റെ രേഖ കിട്ടിയതായും റിപ്പോർട്ടിലുണ്ട്. റിലയൻസിനെ പങ്കാളിയാക്കിയത് തങ്ങളുടെ സ്വമേധയാ ഉള്ള തീരുമാനമായിരുന്നെന്ന് ദസാൾട്ട് കമ്പനി കഴിഞ്ഞ മാസം അവകാശപ്പെട്ടിരുന്നു. ഇന്ത്യാ ഗവൺമെന്റാണ് റിലയൻസിനെ പങ്കാളിയാക്കാൻ നിർദ്ദേശിച്ചതെന്ന് മുൻ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വ ഓലാങ് മീഡിയ പാർട്ടിന് നൽകിയ ഇന്റർവ്യൂവിൽ വെളിപ്പെടുത്തിയതിന് പിന്നാലെയായിരുന്നു കമ്പനിയുടെ ഈ നിഷേധം. അതിനെയാണ് ഇപ്പോൾ മീഡിയാ പാർട്ട് റിപ്പോർട്ട് വെല്ലുവിളിക്കുന്നത്. ഇതോടെ മോദി സർക്കാർ അനിൽ അംബാനിക്ക് വഴിവിട്ട സഹായം ചെയ്‌തതാണെന്ന ആരോപണം ഒന്നു കൂടി ബലപ്പെട്ടിരിക്കയാണ്