ശബരിമല യുവതീ പ്രവേശനത്തെ അനുകൂലിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ ലേഖനവും എതിർ സ്വരം ഉന്നയിച്ചുകൊണ്ടുള്ള പന്തളം കൊട്ടാരം ട്രസ്റ്റ് പ്രതിനിധിയുടെയും അഭിപ്രായം കേരളകൗമുദി എഡിറ്റോറിയൽ പേജിൽപ്രസിദ്ധീകരിച്ചത് തികച്ചും ശ്ലാഘനീയമാണ്. ഇത്തരത്തിൽ എതിരഭിപ്രായത്തെയും ഉൾകൊള്ളുന്ന ജനാധിപത്യം വാഗ്ദാനം ചെയ്യുന്ന അടിസ്ഥാന അവകാശം ആണ് സമത്വം. ലേഖനത്തിൽ കൊട്ടാരം ട്രസ്റ്റ് പ്രതിനിധി മുന്നോട്ടു വച്ചിരിക്കുന്ന വാദങ്ങൾ ദുർബലമാണ്. നാല്പത്തിയൊന്നു ദിവസം വ്രതംനോറ്റ് വരുന്ന എത്ര ഭക്തർ ഉണ്ട് ഇന്ന് ശബരിമലയിൽ? അതുകൊണ്ട് തന്നെ സ്ത്രീകൾ നാല്പത്തിയൊന്നു ദിവസം വ്രതം നോൽക്കണം എന്ന നിർബന്ധം ശരിയല്ല. ശരീരശുദ്ധിഎന്നത് ശരീരത്തിൽ മാലിന്യങ്ങളും വിസർജ്യങ്ങളും ഇല്ലാത്ത അവസ്ഥയല്ല മറിച്ച് അവയെ കഴുകിക്കളഞ്ഞു ശരീരം ശുദ്ധമാക്കി വയ്ക്കുന്നതല്ലേ?
ആചാരങ്ങളിലും വിശ്വാസങ്ങളിലും കാലികമായി മാറ്റം വരുത്തണം എന്ന അഭിപ്രായപ്പെടുന്നലേഖകൻ അത് വിശ്വാസി സമൂഹം തന്നെ ചെയ്യണം എന്നും പറഞ്ഞു വയ്ക്കുന്നു. വിശ്വാസി സമൂഹം പ്രവർത്തിക്കാൻ മടിച്ചു നിന്നപ്പോളാണ് കോടതി ഇടപെടേണ്ടി വന്നത്.
ആർത്തവംപോലെ സ്വാഭാവിക ജൈവിക പ്രക്രിയയെ പകർച്ചവ്യാധിയോട് താരതമ്യം ചെയ്യുന്നതും, ആർത്തവം ഉള്ള സ്ത്രീയുടെ പ്രവേശനം അമ്പലത്തിന്റെ പരിശുദ്ധി നഷ്ടപ്പെടുത്തും എന്നതും പെണ്മയെ അവഹേളിക്കുന്നതാണ്.
ദേവസൃഷ്ടിയാണ് സ്ത്രീയും പുരുഷനും ഭിന്ന ലിംഗവും എല്ലാം. അതിൽ ഒരു കൂട്ടരെയും മാറ്റി നിറുത്താൻ മനുഷ്യ സൃഷ്ടി ആയ ഒരു ആചാരത്തിനും ദുരാചാരത്തിനും അവകാശമില്ല. അവ റദ്ദാക്കുക എന്നത് സുപ്രീംകോടതിയുടെ ഭരണഘടനാ ബാദ്ധ്യതയാണ്.
രോഹിത് , കൊല്ലം