അടിവേരിളകിയ തെങ്ങിന്റെ അവസ്ഥയ്ക്കു സമാനമായി കുട്ടനാട്ടിലെ കള്ളു വ്യവസായ മേഖല. ഭാഗ്യമുണ്ടെങ്കിൽ എല്ലാം ഭേദമായേക്കാം. പ്രളയത്തിന്റെ നഷ്ടക്കണക്കുകൾ പല തട്ടുകളായി വിലയിരുത്തുമ്പോഴും പരമ്പരാഗത വ്യവസായങ്ങളുടെ ശ്രേണിയിൽ ആടിയുലഞ്ഞെങ്കിലും അവശേഷിക്കുന്ന കള്ള് കച്ചവടം കുട്ടനാട്ടിൽ വലിയ പ്രതിസന്ധി ആണ് നിലവിൽ അഭിമുഖീകരിക്കുന്നത്.
\'എന്റെ ഷാപ്പ് അടച്ചിട്ട് ഒരു മാസത്തോളമാവുന്നു. കഴിഞ്ഞ ദിവസമൊന്നു തുറന്നു നോക്കിയപ്പോൾ ചങ്കുതകർന്നു പോയി. അമ്പതോളം ഗ്ളാസുണ്ടായിരുന്നു. അവശേഷിക്കുന്നത് വിരലിലെണ്ണാവുന്നത്. വലുതും ചെറുതുമായ മറ്റു പല പാത്രങ്ങളും കാണാനില്ല. അടുക്കള അലങ്കോലമായി. ഡെസ്കും ബെഞ്ചുമൊക്കെ ഇനി ഉപയോഗിക്കാൻ കഴിയുമോയെന്ന് കണ്ടറിയണം. പാത്രങ്ങളുടെ ഇനത്തിൽ മാത്രം കാൽ ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ട്. ഇനി ഇതെങ്ങനെ തട്ടിക്കൂട്ടുമെന്നാണ് ചിന്ത\'- കുട്ടനാട്ടിലെ ഷാപ്പുടമയായ സുഭാഷാണ് പ്രളയം ബാക്കിവച്ച ക്രൂരത വിവരിച്ചത്.
ഹോട്ടലുകളോട് കിടപിടിക്കുന്ന ഭൗതിക സാഹചര്യമല്ല ഷാപ്പുകളുടേത്. തടിബഞ്ചും ഷീറ്റുകൊണ്ടുള്ള മറയും മേൽക്കൂരയുമാണ് കുട്ടനാട്ടിലെ 95 ശതമാനം ഷാപ്പുകൾക്കും. ഇവിടെ മൊത്തം 141 ഷാപ്പുണ്ടായിരുന്നു. ഇതിൽ 120 ഓളം ഷാപ്പുകളും പ്രളയത്തിൽ നാമാവശേഷമായ അവസ്ഥയിലാണ്. ഇനി കച്ചവടം പുന:രാരംഭിക്കണമെങ്കിൽ ഒന്നിൽ നിന്നു തുടങ്ങണം. ഗ്ളാസ് ഉൾപ്പെടെ പുതിയവ വാങ്ങണം. തകർന്നു തരിപ്പണമായിരിക്കുകയാണ് പ്രളയാനന്തര കുട്ടനാടൻ കള്ളു വ്യവസായം.
ഷാപ്പ് തൊഴിലാളികളുടെയും ചെത്തുകാരുടെയും ജീവിത സാഹചര്യങ്ങളും വഷളായി. ഭൂരിഭാഗം പേരും ഒരു മാസത്തോളം ക്യാമ്പിലായിരുന്നു. തൊഴിൽ നഷ്ടത്തോടൊപ്പം വീടിനുണ്ടായ നഷ്ടങ്ങൾ കൂടിയായപ്പോൾ നിവർന്നു നിൽക്കാനാവാത്ത അവസ്ഥയിലാണ് തൊഴിലാളി സമൂഹം. തുറക്കാൻ കഴിഞ്ഞ ഷാപ്പുകളിൽപ്പോലും എല്ലാ ദിവസവും തൊഴിലാളികൾക്ക് എത്താനാവുന്നില്ല. വീടിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കണ്ടെത്താൻ ഇടയ്ക്കിടെ അവധിയെടുക്കേണ്ട അവസ്ഥയിലാണ് തൊഴിൽ തിരികെക്കിട്ടിയവർ. ഷാപ്പുകളിലേക്ക് ഇറച്ചിയും മീനും പച്ചക്കറികളുമൊക്കെ എത്തിച്ചിരുന്നവരും തൊഴിൽ നഷ്ടത്തിന്റെ ഇരകളായി.
കാത്തിരിക്കണം
പ്രളയക്കെടുതി അതിജീവിച്ച തെങ്ങുകൾ ഇനി കള്ളു ചുരത്തണമെങ്കിൽ, കൂമ്പിൽ കുടം കമഴ്ത്തി 20- 25 ദിവസമെങ്കിലും കാത്തിരിക്കേണ്ടിവരും. നേരത്തെ ചെത്തിക്കൊണ്ടിരുന്ന കൂമ്പുകളൊക്കെ ചീഞ്ഞ ശേഷം ഉണങ്ങിത്തുടങ്ങി. ഒരു തെങ്ങിൽ നിന്ന് ദിവസം ഒന്നര ലിറ്റർ കള്ള് എന്നതാണ് എക്സൈസിന്റെ കണക്ക്. രാവിലെയും വൈകിട്ടും ചെത്തുമ്പോൾ അഞ്ചു ലിറ്റർ വരെ കള്ള് കിട്ടുന്ന തെങ്ങുകളുണ്ട്. ഒരു കൂമ്പിൽ നിന്ന് രണ്ടു മാസം കള്ളെടുക്കാം. ദിവസം പത്തു തെങ്ങുവരെ ചെത്തുന്നവരുണ്ട്. മൂന്നു തലമുറകളിൽപ്പെട്ട കൂമ്പാണ് ഒരു തെങ്ങിൽ നിന്ന് ചെത്താനെടുക്കുന്നത്. ചെത്തുന്ന കൂമ്പിൽ നിന്ന് കള്ള് ഊർന്നു വീണാൽ തെങ്ങിന് ദോഷമാണ്. അതുകൊണ്ട് തെങ്ങൊന്നിന് 5,000 രൂപ വരെ ഉടമയ്ക്ക് സെക്യൂരിറ്റി നൽകാറുണ്ട്. ജീവിത പ്രതിസന്ധികളിൽ കഴുത്തറ്റം മുങ്ങി നിൽക്കുന്ന തെങ്ങുടമകളോട് സെക്യൂരിറ്റി തുക തിരിച്ചു ചോദിക്കാൻ ഷാപ്പുടമകൾക്കും കഴിയുന്നില്ല. അതും നഷ്ടക്കണക്കിൽ ഉൾപ്പെടുത്തേണ്ടി വരും.
കത്തിയും ഷാപ്പും!
ചെത്തു തൊഴിലാളികളെ \'ഷാപ്പ് ഭാഷ"യിൽ വിളിക്കുന്ന പേരാണ് കത്തി. ഷാപ്പിലെ തൊഴിലാളികളെ ഷാപ്പ് എന്നും പറയും. അഞ്ചു ചെത്തുകാരും നാലു ജീവനക്കാരുമാണ് ഷാപ്പിൽ ഉള്ളതെങ്കിൽ \'അഞ്ചു കത്തിയും നാലു ഷാപ്പും" എന്നാണ് ചുരുക്കപ്പറച്ചിൽ!
കുറഞ്ഞത് അഞ്ചു മുതൽ 20 ജീവനക്കാർ വരെയുള്ള കള്ളുഷാപ്പുകൾ കുട്ടനാട്ടിലുണ്ട്. നാലും അഞ്ചും ചെത്തുകാർ ഓരോ ഷാപ്പുമായും ബന്ധപ്പെട്ടു നിൽക്കുന്നു. ഭക്ഷണത്തിന് കൂടുതൽ പ്രാധാന്യം നൽകുന്ന ഷാപ്പുകളിലാണ് ജീവനക്കാരുടെ എണ്ണവും കൂടുന്നത്. കള്ളിനും ഭക്ഷണത്തിനും ഒരേപോലെ ചെലവുള്ള ഷാപ്പുകളിൽ അഞ്ച്, ആറ് ജീവനക്കാരേ ഉണ്ടാവൂ. ഇവരുടെ വേതനത്തിൽ ഏകീകരണമില്ല. മേഖലകൾ അനുസരിച്ചാണ് വേതനം നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 1,000 രൂപ തൊഴിലാളികൾക്ക് ദിവസക്കൂലിയുണ്ട്. പി.എഫ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ വേറെയും. ഒട്ടുമിക്ക ഷാപ്പുകളിലും 600-700 രൂപയാണ് ദിവസക്കൂലി നൽകുന്നത്. അവശേഷിക്കുന്ന തുക ആറാം മാസം നൽകണമെന്നാണ് വ്യവസ്ഥ. ദിവസം കുറഞ്ഞത് ആറു ലിറ്റർ കള്ള് നൽകുന്ന ചെത്തുതൊഴിലാളികൾക്കു മാത്രമേ സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുകയുള്ളൂ. 70 രൂപ വരെ ലിറ്ററിനു വില ലഭിക്കും. കുട്ടനാട്ടിൽ 20 ലിറ്റർ കള്ളുവരെ ചില ദിവസങ്ങളിൽ അളക്കുന്നവരുണ്ട്.
പാലക്കാടനും നിലച്ചു
പാലക്കാട്ടു നിന്ന് മൂന്നു വണ്ടികളിലായി 3,900 ലിറ്റർ (ഒരു വണ്ടിയിൽ 1,300 ലിറ്റർ) കള്ളാണ് പ്രതിദിനം കുട്ടനാട്ടിൽ എത്തിയിരുന്നത്. ഷാപ്പുകൾ തകർന്നതോടെ ഇപ്പോൾ 400-500 ലിറ്റർ കള്ളാണ് ദിവസം എത്തുന്നത്. മൊത്തം ആയിരത്തോളം ചെത്തു തൊഴിലാളികൾ കുട്ടനാട്ടിലുണ്ട്. ഇവിടെ നിന്നുള്ള 155 പേർ പാലക്കാട്ടെ തോപ്പുകളിലാണ് ജോലി ചെയ്യുന്നത്. ഇവരിൽ പലരുടെയും വീടും വീട്ടുകാരും പ്രളയത്തിൽ കുടുങ്ങിയതോടെ ഇപ്പോൾ 50ൽ താഴെ തൊഴിലാളികൾ മാത്രമാണ് പാലക്കാട്ടേക്കു പോകുന്നത്. കേരളത്തിനാവശ്യമായ കള്ളിന്റെ 90 ശതമാനവും പാലക്കാട് ചിറ്റൂർ താലൂക്കിൽ നിന്നാണ് ചെത്തുന്നത്.