തിരുവനന്തപുരം: നഗരത്തിന്റെവികസനസ്വപ്നങ്ങൾക്ക്കരുത്തേകാൻ പുതിയ മാസ്റ്റർപ്ലാൻ ഒരുവർഷത്തിനുള്ളിൽ നിലവിൽ വരും. അടുത്ത ഒക്ടോബർ 19ന് മുമ്പ് മാസ്റ്റർ പ്ലാൻ തയ്യാറാക്കി സർക്കാരിന് സമർപ്പിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പൂർണമായും ജനപങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് പരാതികൾ കുറയ്ക്കുകയാണ് ലക്ഷ്യം.അടുത്ത20വർഷത്തെമുന്നിൽകണ്ട്ഒരു ജനകീയ മാസ്റ്റർപ്ലാൻ തയ്യാറാക്കുന്നതിനുള്ള പ്രവർത്തനമാണ് നഗരസഭയും നഗരാസൂത്രണവിഭാഗവും സംയുക്തമായി പൂർത്തിയാക്കുന്നത്. പ്രാഥമിക ഘട്ടമായ ഭൂവിനിയോഗ, സാമൂഹിക സാമ്പത്തിക സർവേ നടപടികൾ ഏകോപിപ്പിക്കാൻ പത്തംഗ ഉദ്യോഗസ്ഥ സംഘത്തെ നിയോഗിച്ചു. സർവേ നടത്താനുള്ള ചോദ്യാവലി തയ്യാറായി. സർവേയർമാരെ ഉടൻ നിയമിക്കും. നൂറുവാർഡുകളിലും നേരിട്ടെത്തിയും അല്ലാതെയും വിവരശേഖരണം നടത്താനാണ് ലക്ഷ്യമിടുന്നത്. ഒരുവാർഡിലെ 250 വീടുകളിൽ നേരിട്ട് എത്തി സർവേ നടത്തും. ഇത്തരത്തിൽ 25,000 വീടുകളിലാണ് സാമ്പിൾ സർവേ നടത്തുന്നത്. രണ്ടാഴ്ചയ്ക്കുള്ളിൽ മന്ത്രി എ.സി. മൊയ്തീൻ സർവേ നടപടികൾക്ക് തുടക്കം കുറിക്കും. കഴിഞ്ഞ മാസ്റ്റർപ്ലാനുമായി ബന്ധപ്പെട്ട് ഏറെ പരാതികളുയർന്ന കാട്ടായിക്കോണം, ആറ്റിപ്ര, കഴക്കൂട്ടം പ്രദേശത്തു നിന്നും സർവേ ആരംഭിക്കാനാണ് നഗരസഭ ലക്ഷ്യമിടുന്നത്. നാഷണൽ സർവീസ് സ്കീം വോളന്റിയർമാരാണ് സർവേ നടത്തുന്നത്.
രണ്ടു വർഷം മുമ്പേപുതിയ മാസ്റ്റർപ്ലാൻ നടപടികൾആരംഭിച്ചെങ്കിലുംഹൈദരാബാദിലെ നാഷണൽ റിമോട്ട് സെൻസിംഗ് സെന്ററിൽ നിന്ന് നഗരത്തിന്റെ ഉപഗ്രഹഭൂപടം ലഭിക്കാൻവൈകിയതിനാൽനടപടികൾഇഴയുകയായിരുന്നു.
അഭിപ്രായം പങ്കുവയ്ക്കാം
മാസ്റ്റർപ്ലാൻ രൂപീകരണത്തിന്റെ എല്ലാ ഘട്ടങ്ങളിലും പൂർണമായ ജനപങ്കാളിത്തം ഉറപ്പാക്കുകയാണ് നഗരസഭയുടെ ലക്ഷ്യം. ഇതിനായി വിപുലമായ സംവിധാനങ്ങളും ഒരുക്കും. വാർഡ് തലത്തിൽ രണ്ട് ഘട്ടമായി യോഗം ചേർന്ന് അഭിപ്രായങ്ങൾ ശേഖരിക്കും. മാസ്റ്റർപ്ലാനിന്റെ വിശദാംശങ്ങൾ ഉൾകൊള്ളുന്ന വെബ്സൈറ്റ് ഉടൻ നിലവിൽ വരും. വാട്സ് ആപ്പ്, ഇ-മെയിൽ തുടങ്ങിയവയിലൂടെയും നഗരത്തെ കുറിച്ചുള്ള വികസന കാഴ്ചപ്പാടുകൾ പങ്കുവയ്ക്കാം.
മാസ്റ്റർപ്ലാനും വിവാദങ്ങളും
1971ന്ശേഷം നഗരത്തിനായി തയ്യാറാക്കിയ മാസ്റ്റർപ്ലാനുകളൊന്നും വെളിച്ചം കണ്ടിട്ടില്ല. 1993ൽ പുതിയ മാസ്റ്റർപ്ലാൻ തയ്യാറാക്കി കരട് പ്രസിദ്ധീകരിച്ചെങ്കിലും നടപ്പായില്ല. തുടർന്ന് 2013ൽ തയ്യാറാക്കിയ പ്ലാനും വിദാദത്തെ തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു. അതുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഇപ്പോഴും പുകയുകയാണ്. ജനവാസകേന്ദ്രങ്ങളിൽ വൻകിടപദ്ധതികൾ നിർദ്ദേശിച്ചുകൊണ്ടായിരുന്നു 2013ൽ മാസ്റ്റർപ്ലാൻ പ്രസിദ്ധീകരിച്ചത്. ജനവാസ കേന്ദ്രമായ ആറ്റിപ്ര, കഴക്കൂട്ടം മേഖലയിൽ വീടുകൾ നിർമിക്കുന്നതിനുള്ള അനുമതി പോലും മരവിപ്പിച്ചുകൊണ്ടായിരുന്നു മാസ്റ്റർപ്ലാൻ കരട്പ്രസിദ്ധീകരിച്ചത്. സംഭവം വിവാദമായതോടെ വൻതോതിലുള്ള ജനരോഷമാണ് ഉയർന്നത്. ഇതോടെയാണ് പുതിയ മാസ്റ്റർപ്ലാനിനായുള്ള നടപടികൾ ആരംഭിച്ചത്. ജനരോഷംഅടക്കുന്നതിനായി 2017ൽ ഇടക്കാല വികസന ഉത്തരവ് ഇറങ്ങുകയും ചെയ്തു.
വെല്ലുവിളികളേറെ...
കഴിഞ്ഞ ആറു വർഷത്തിനിടെ നിർമിച്ച കെട്ടിടങ്ങളുടെയെല്ലാം വിവരങ്ങൾ കൂടുതലായി ഉൾപ്പെടുത്തണം. പഴയ മാസ്റ്റർപ്ലാനിൽ റസിഡൻഷ്യൽ, കൊമേഴ്സ്യൽ എന്നിങ്ങനെയുള്ള വേർതിരിവുകൾ മാത്രമാണുണ്ടായിരുന്നത്. എന്നാൽ, പുതിയ മാനദണ്ഡമനുസരിച്ച് കെട്ടിടങ്ങളെ സംബന്ധിച്ച് ഒട്ടേറെ പുതിയ വിവരങ്ങൾ ഉൾപ്പെടുത്തേണ്ടതുണ്ട്. അതായത് നഗരത്തിലെ മുഴുവൻ കെട്ടിടങ്ങളുടെയും വിവരങ്ങൾ ഉൾപ്പെടുത്തേണ്ടതുണ്ട്. പഴയ മാസ്റ്റർപ്ലാനിൽ വിഴിഞ്ഞം പദ്ധതിയും ലൈറ്റ് മെട്രോയും ഉൾപ്പെടെയുള്ളവ പരിഗണിച്ചിരുന്നില്ല. കൂടാതെ സ്മാർട്ട് സിറ്റിയുടെ ഭാഗമായുള്ള വൻകിട പദ്ധതികളും പുതിയ മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തണം.
ജനങ്ങളുടെ താത്പര്യത്തിന് അനുസരിച്ചുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കുകയാണ് ലക്ഷ്യം. നഗരം നേരിടുന്ന പ്രധാന വെല്ലുവിളിയായ മാലിന്യ സംസ്കരണത്തിനുള്ള വഴികൾ ഉൾപ്പെടെ കൂട്ടായ ചർച്ചയിലൂടെ കണ്ടെത്തണം. എല്ലാ അഭിപ്രായങ്ങളും സമന്വയിപ്പിച്ച് സമയബന്ധിതമായി മാസ്റ്റർപ്ലാൻ തയ്യാറാക്കും."
വി.കെ. പ്രശാന്ത്
മേയർ