kochunni

കർണൻ,​ നെപ്പോളിയൻ,​ ഭഗത്‌സിംഗ്... ഇവർ മാത്രമല്ല ഹീറോസ്. കായംകുളം കൊച്ചുണ്ണിയും ചരിത്രത്താളുകളിലെ എക്കാലത്തെയും ഹീറോയാണ്. വിധിക്കു കീഴടങ്ങും മുമ്പ് ആയിരംവട്ടം ജയിച്ചു കാട്ടിക്കൊടുത്ത കൊച്ചുണ്ണി, ബോബി സഞ്ജയ് - റോഷൻ ആൻഡ്രൂസ് കൂട്ടുകെട്ടിൽ ഒരിക്കൽ കൂടി എത്തുമ്പോൾ പ്രിയപ്പെട്ട കള്ളന്റെ നേരും നെറിയും നന്മയും വീണ്ടും കൺനിറയെ കാണാം. ആവേശം ചോരാത്ത കൊച്ചുണ്ണി ചരിതവും ആത്യാവേശം നിറയ്ക്കുന്ന കാഴ്ചയും കഥകളുമായി എത്തുന്ന റോഷൻ ആൻഡ്രൂസിന്റെ കായംകുളം കൊച്ചുണ്ണി  ഒരു മികച്ച ദൃശ്യാവിഷ്കാരമാണ്.

മലയാളം മറക്കാത്ത കൊച്ചുണ്ണി
പത്തൊമ്പതാം നൂറ്റാണ്ടിൽ മദ്ധ്യതിരുവിതാംകൂറിൽ ജീവിച്ചിരുന്ന ഒരു മോഷ്ടാവ് മാത്രമായിരുന്നില്ല കായംകുളം കൊച്ചുണ്ണി. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലെ കൊച്ചുണ്ണിക്കഥയ്ക്കൊപ്പം ചരിത്രത്തിന്റെ മറ്റു പല ഏടുകളും മനോഹരമായി നെയ്തു ചേർത്ത ബോബി- സഞ്ജയ് കഥയ്ക്ക് മികച്ച ദൃശ്യാവിഷ്കാരം സൃഷ്ടിക്കാൻ റോഷൻ ആൻഡ്രൂസിനും സംഘത്തിനും കഴിഞ്ഞു. കൊച്ചുണ്ണിയുടെ വഴികാട്ടിയായി ചില കഥകളിൽ പറയപ്പെടുന്ന ഇത്തിക്കരപ്പക്കിയെയും മനോഹരമായി കൊച്ചുണ്ണിചരിതത്തോട് വിളക്കിച്ചേർക്കുമ്പോൾ പ്രേക്ഷകനെ പിടിച്ചിരുത്താൻ കെൽപ്പുള്ള കഥയായി 'കായംകുളം കൊച്ചുണ്ണി' പരിണമിക്കുന്നു. കള്ളനായ അച്ഛൻ ബാപ്പുട്ടിയിൽ നിന്ന് മോഷണം കുറ്റമാണെന്ന് പഠിച്ച മകൻ കൊച്ചുണ്ണി പിൽക്കാലത്ത് പാവങ്ങളുടെ പട്ടിണി മാറ്രുന്ന കള്ളനായ കഥ തന്നെയാണ് വീണ്ടും അവതരിപ്പിക്കപ്പെടുന്നത്. മോഷണക്കുറ്റത്തിന് പിടിക്കപ്പെട്ട് തിരുവനന്തപുരത്തെ ജയിലിൽ കൊച്ചുണ്ണിയെ തൂക്കിലേറ്റിയെന്ന് ചരിത്രം പറയുമ്പോൾ ഒറ്റിലൂടെയും ചതിയിലൂടെയും ഉറ്റവർ കീഴ്പ്പെടുത്തിയ കൊച്ചുണ്ണിക്ക് പിൽക്കാലത്ത് സംഭവിച്ചത് മറ്രൊന്നായിരുന്നെന്ന് ചിത്രം പറയുന്നു.kochunni1

നിവിൻ പോളി എന്ന പതിവ് റൊമാന്റിക് ഹീറോയെ കൊച്ചുണ്ണിയാക്കാൻ സംവിധായകൻ കാട്ടിയ ആർജ്ജവം പൂർണമായി വിജയിച്ചു. ഒരുവേള നിവിന്റെ കരിയറിന്റെ മികവുറ്ര പ്രകടനത്തിലൂടെ സത്യന് ശേഷം മറ്രൊരു മികച്ച കൊച്ചുണ്ണിയെ കൂടി മലയാളത്തിന് ലഭിക്കുന്നു. ആദ്യപകുതിയുടെ അവസാനത്തോടെ സ്ക്രീനിലെത്തുന്ന ഇത്തിക്കരപ്പക്കിയെന്ന കഥാപാത്രത്തെ വേഷം കൊണ്ടും വഴക്കം കൊണ്ടും മോഹൻലാൽ കൈക്കുള്ളിലൊതുക്കി. ഏറെനേരം സ്ക്രീനിൽ തങ്ങിനിൽക്കുന്നില്ലെങ്കിലും കൊച്ചുണ്ണിയുടെ ജീവിതത്തിൽ ഇത്തിക്കരപ്പക്കിയുടെ സ്വാധീനം തീവ്രമായിരുന്നെന്ന് ബോബി-സ‌ഞ്ജയ്‌മാർ കാട്ടിത്തരുന്നു.

കാലം മായ്ക്കാത്ത കഥ
പത്തൊമ്പതാം നൂറ്റാണ്ടിൽ മലയാളം അടക്കിവാണ കള്ളനെങ്കിലും കൊച്ചുണ്ണി ഇന്നും ചർച്ച ചെയ്യപ്പെടേണ്ടവനാണെന്ന് ചിത്രം പറയുന്നുണ്ട്. ബ്രാഹ്മണ മേധാവിത്വത്തിനും ജാതിവ്യവസ്ഥയ്ക്കുമെതിരെ പോരാടിയ സാമൂഹ്യ പരിഷ്‌കർത്താവ് കൂടിയായി കൊച്ചുണ്ണി ചിത്രീകരിക്കപ്പെടുന്നു. കാലം മായ്ക്കാത്ത ജാതിയുടെ മുറിവുകളെയും അരികുവത്കരിക്കപ്പെട്ടവർ ഇനിയുമുറക്കെ സംസാരിക്കമെന്നും കൊച്ചുണ്ണി ഓർമ്മിപ്പിക്കുന്നു. ഒരു നേരത്തെ വിശപ്പു മാറ്റാൻ അരി മോഷ്ടിച്ച കൊച്ചുണ്ണിയുടെ അച്ഛൻ ബാപ്പുട്ടിയെ നാട്ടുകാർ മരത്തിൽ കെട്ടിയിട്ടു തല്ലുമ്പോൾ പട്ടിണിയുള്ള കാലത്തോളം കൊച്ചുണ്ണിമാരും ലോകത്ത് ഉണ്ടായിക്കൊണ്ടിരിക്കുമെന്നും ചിത്രം ഓർമ്മിപ്പിക്കുന്നു.kochunni4

കാഴ്ചയും കൂട്ടവും സംഗീതവും
ചരിത്ര സിനിമയെങ്കിലും കാഴ്ചകൊണ്ടും താരനിര കൊണ്ടും സംഗീതം കൊണ്ടും ഒരു ത്രില്ലറിന്റെ നിലവാരത്തിലേക്കുയരാൻ കായംകുളം കൊച്ചുണ്ണിക്ക് സാധിച്ചിട്ടുണ്ട്. ചരിത്രമുഹൂർത്തങ്ങൾക്കൊപ്പം ഒഴുകുന്ന ഗോപീ സുന്ദറിന്റെ സംഗീതവും പ്രമുഖ ഛായാഗ്രാഹകരായ ബിനോദ് പ്രധാൻ, നീരവ് ഷാ എന്നിവരുടെ കാമറയും ചിത്രത്തിന്റെ മാറ്റ് പതിന്മടങ്ങ് മികച്ചതാക്കുന്നു. പ്രിയ ആനന്ദ്, സണ്ണി വെയ്ൻ, ബാബു ആന്റണി, ഇടവേള ബാബു, സുധീർ കരമന, മണികണ്ഠൻ ആചാരി, ഷൈൻ ടോം ചാക്കോ തുടങ്ങി നെടുനീളൻ താരനിര കൊച്ചുണ്ണിയുടെ ചരിത്രപശ്ചാത്തലത്തിന് കരുത്തു പകരുന്നു. സണ്ണി വെയ്ൻ എന്ന താരത്തിൽ അഭിനയ സാദ്ധ്യതകൾ ഇനിയും ബാക്കിയുണ്ടെന്ന് കേശവക്കുറുപ്പെന്ന കഥാപാത്രം കാട്ടിത്തരുന്നു.

പാക്കപ്പ് പീസ്: നാടു വാഴുക നഗരം വാഴുക, കായംകുളത്തെ കൊച്ചുണ്ണി വാഴുക
റേറ്റിംഗ്: 3.5/5