thomas-isaac

കലവൂരിലെ സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടൽ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ഉണ്ടായ അനുഭവം ധനമന്ത്രി തോമസ് ഐസക് ഫേസ്ബുക്കിൽ പങ്കുവയ്ക്കുന്നു. ചടങ്ങിൽ പങ്കെടുക്കവേ അവിടെയുള്ള കുട്ടികളോടായി മന്ത്രി ഒരു ചോദ്യം ചോദിച്ചു. ഒരു സ്‌കൂൾ മികവിന്റെ കേന്ദ്രം ആകണമെങ്കിൽ എന്ത് വേണം എന്നായിരുന്നു ചോദ്യം.

അഭിപ്രായം പറഞ്ഞവരിൽ കൂടുതൽ പേരും മികച്ച കെട്ടിടങ്ങൾ വേണമെന്ന് അഭിപ്രായപ്പെട്ടപ്പോൾ ഒരു വിദ്യാർത്ഥി ഫുട്‌ബോൾ കളിക്കാനായി നല്ല മൈതാനമാണ് വേണ്ടതെന്ന് അഭിപ്രായപ്പെട്ടു. ഇത് കേട്ടപാടെ അവിടെയുള്ളവർ കൈയ്യടിച്ച് പിന്തുണ നൽകുകയും, സ്‌കൂളിൽ മറ്റ് കായിക ഇനങ്ങൾക്കായിട്ടുള്ള സൗകര്യങ്ങൾ വേണമെന്നും ആവശ്യപ്പെട്ടു. കുട്ടികൾക്കിടയിൽ ഇങ്ങനെയൊരു മാറ്റം എങ്ങനെ എന്ന് അന്വേഷിച്ചപ്പോഴാണ് കലവൂർ സ്‌കൂളിൽ കഴിഞ്ഞ രണ്ട് വർഷമായി ഉണ്ടായ മാറ്റങ്ങൾ മന്ത്രിയുടെ ശ്രദ്ധയിൽ വന്നത്. സ്‌പോർട് ഇനങ്ങളിൽ മികച്ച പരിശീലനം ഇവിടെ ലഭ്യമാക്കിയതോടെ മറ്റ് സ്‌കൂളിൽ നിന്നും നിരവധി പേർ ഇവിടേയ്ക്ക് എത്തുന്നതായി മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു. അതോടൊപ്പം വിദ്യാർത്ഥികൾക്ക് മികച്ച പരിശീലനം നൽകുന്ന ഗുരുക്കൻമാരെ പേരെടുത്ത് അഭിനന്ദിക്കാനും മന്തി തോമസ് ഐസക് മറന്നില്ല

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഒരു സ്കൂള്‍ മികവിന്റെ കേന്ദ്രം ആകണമെങ്കില്‍ എന്ത് വേണം ? അഭിപ്രായം പറഞ്ഞവര്‍ക്കൊക്കെ ഞാന്‍ ഒരു ചോക്കലേറ്റ് സമ്മാനമായി നല്‍കി. പുതിയ കെട്ടിട സമുച്ചയത്തിന്‍റെ തറക്കല്ലിടല്‍ കര്‍മ്മം ആയത് കൊണ്ട് ഒട്ടേറെ പേര്‍ കെട്ടിട സൌകര്യങ്ങളെ കുറിച്ച് പറഞ്ഞു. ചിലകുട്ടികള്‍ പഠന സൌകര്യങ്ങളെ കുറിച്ചും മികവിനെയും കുറിച്ച് പറഞ്ഞു . പക്ഷെ എന്നെ അത്ഭുതപ്പെടുത്തിയത് സ്പോര്‍ട്സ് മികവിനെ കുറിച്ചുള്ള അഭിപ്രയങ്ങള്‍ ആയിരുന്നു. ഫുട്ബോള്‍ ടീമില്‍ നിന്ന് ചുവപ്പ് ജേഴ്സി ഇട്ട ഒരു കുട്ടി സ്റ്റേജില്‍ കയറി മികവിന്‍റെ കേന്ദ്രം ആകണമെങ്കില്‍ മികച്ച ഒരു ഫുട്ബാള്‍ ഗ്രൗണ്ട് സ്കൂളില്‍ വേണം എന്ന് പറഞ്ഞു . ഏറ്റവും കൂടുതല്‍ കയ്യടി ഇതിനായിരുന്നു. പിന്നലെ ഹോക്കിക്കാരും വോളിബാളുകാരും കയറി വന്നു . ഇത് എന്തിങ്ങനെ ഒരു മാറ്റം എന്ന് ചിന്തിച്ചപ്പോഴാണ് കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി കലവൂര്‍ സ്കൂള്‍ നടക്കുന്ന സ്പോര്‍ട്ട്സ് പരിശീലനത്തിന്‍റെ കഥകള്‍ അനാവരണം ചെയ്യപ്പെട്ടത്.

തുടക്കം ഒരു വര്‍ഷം മുന്‍പ് നടന്ന സ്കൂള്‍ ഫുട്ബാള്‍ സമ്മര്‍ ക്യാമ്പ് ആയിരുന്നു.സമ്മർ ക്യാമ്പിൽ 180 കുട്ടികൾ ഫുട്ബാളിൽ ഉണ്ടായിരുന്നു. 85 കുട്ടികൾ മറ്റ് സ്കൂളുകളിലേതായിരുന്നു. അതിൽ 18 പേർ അൺ എയിഡഡിൽ നിന്നും കലവൂര്‍ സ്കൂളിലേക്ക് അഡ്മിഷനെടുത്തു. ഫുട്ബാളിൽ പെൺകുട്ടികളുടെ ടീം ജില്ലാതലത്തിൽ ജേതാക്കളായി. സൗത്ത് സോൺ ടീമിൽ കുമാരി സീതാലക്ഷമി ഇടം പിടിച്ചു.ഉപജില്ലയിലും ജില്ലയിലും ഇത്തവണ സ്കൂളിലെ പെൺകുട്ടികളാണ് ജേതാക്കൾ. State കളിക്കുന്നതിനുള്ള ജില്ലാ ടീമിലേക്ക് 8 പേർ കലവൂർ സ്കൂളിലേ കുട്ടികളാണ്.

ഫുട്ബാള്‍ ടീം ജേഴ്സി ചുവപ്പ് ആണെങ്കില്‍ ഹോക്കി ടീമിന്റെ നിറം കറുപ്പാണ് . മൂന്നു ടീമുകള്‍ ആയിട്ടാണ് ഇവരുടെ പരിശീലനം പുതിയതായി തുടങ്ങിയ ഹോക്കി ടീമിൽ നിന്നും മൂന്ന് പേർ സോണൽ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കലവൂർ ഗോപിനാഥിന്‍റെ പേരിലുള്ള വോളിബോൾ കോർട്ട് നിർമ്മാണം പൂർത്തിയായി വരുന്നു. ക്രിക്കറ്റ് അസോസിയേഷനുമായി ചേർന്ന് നെറ്റ് പ്രാക്ടീസ് പിച്ച് ഒരുക്കിയിട്ടുണ്ട്.

കായികാദ്ധ്യാപിക ഉഷ ടീച്ചറും SMC അംഗവും KFA അംഗീകൃത കോച്ചുമായ സുരേഷ് കുമാറുമാണ് ഇതിനൊക്കെ നേതൃത്വം നൽകുന്നത്.ഇരുവരെയും ചടങ്ങില്‍ വച്ച ആദരിച്ചു. സുരേഷ് കുമാര്‍ തന്‍റെ തിരക്കുള്ള ജോലിയുടെ പുറമെയാണ് സ്കൂളിലെ കുട്ടികളെ പരിശീലിപ്പിക്കാന്‍ അവധി ദിനങ്ങളിലും മറ്റു ദിവസങ്ങളിലും അതിരാവിലെ സ്കൂള്‍ ഗ്രൗണ്ടില്‍ എത്തുന്നത്.