mj-akbar

ന്യൂഡ‌ൽഹി: ലൈംഗികാരോപണം ഉന്നയിക്കപ്പെട്ടതിനെ തുടർന്ന് നൈജീരിയൻ യാത്രയിലായിരുന്ന വിദേശ കാര്യസഹമന്ത്രി എം.ജെ.അക്ബറിന്റെ യാത്ര വെട്ടിച്ചുരുക്കി. അക്ബറിനോട് എത്രയും വേഗം ഡൽഹിയിലെത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോഗി നിർദ്ദേശിച്ചതായി സർക്കാർ വൃത്തങ്ങൾ പറഞ്ഞു.വെള്ളിയാഴ്ചയായിരുന്നു അക്ബർ തിരിച്ചെത്തേണ്ടിയിരുന്നത്. കേന്ദ്ര നിർദ്ദേശത്തോടെ അദ്ദേഹം ഇന്ന് തന്നെ മടങ്ങിയെത്തിയേക്കും.

അക്ബറിനെതിരെയുള്ള ആരോപണങ്ങളിൽ ചിലത് ഗൗരവതരമാണ്. അതേസമയം അദ്ദേഹത്തിന് പറയാനുള്ളതും കേൾക്കുമെന്ന് പാർട്ടി നേതാക്കൾ പറഞ്ഞു. സ്ത്രീകളുടെ സുരക്ഷയെ സംബന്ധിച്ച കാര്യത്തിൽ ബി.ജെ.പിക്ക് ഗൗരവമായ സമീപനമാണെന്ന് അവർ അറിയിച്ചു.

എം.ജെ. അക്‌ബറിനെതിരെ വെളിപ്പെടുത്തലുമായി കൂടുതൽ വനിതാ മാദ്ധ്യമപ്രവർത്തകർ രംഗത്തത്തിയിരുന്നു. ടെലഗ്രാഫ്, ഏഷ്യൻ ഏജ് തുടങ്ങിയ പത്രങ്ങളുടെ മുൻ എഡിറ്റർ ആയ എം.ജെ. അക്‌ബറിനെതിരെ പ്രമുഖ മാദ്ധ്യമ പ്രവർത്തക പ്രിയാരമണിയാണ് ആദ്യം ആരോപണമുന്നയിച്ചത്. അതിന് പിന്നാലെയാണ് അഞ്ചോളം വനിതാ മാദ്ധ്യമ പ്രവർത്തകർ കൂടി ആരോപണവുമായി എത്തി. അക്ബർ തന്നെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതായി സ്വതന്ത്ര മാദ്ധ്യമപ്രവർത്തക കണിക ഗാഹ്‌ലോട്ടാണ് ഇന്നലെ വെളിപ്പെടുത്തിയത്. സുപർണ ശർമ്മ, ഷുമ രാഹ, പ്രെർന സിംഗ് ബിന്ദ്ര തുടങ്ങിയവരും അക്ബറിനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ തുറന്നെഴുതിയിട്ടുണ്ട്.

അക്ബർ ഇക്കാര്യത്തിൽ ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. അക്ബർ രാജിവച്ച് അന്വേഷണം നേരിടണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.