karti

ന്യൂഡൽഹി: ഐ.എൻ.എക്സ് മീഡിയയുമായി സാന്പത്തിക തിരിമറി കേസിൽ മുൻ കേന്ദ്രമന്ത്രി പി.ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിന്റെ 54 കോടിയുടെ സ്വത്തുക്കൾ എൻഫോഴ്സ്‌മെന്റ് കണ്ടുകെട്ടി. ഡൽഹിയിലെ ജോർബാഗിലെ ഫ്ളാറ്റ്, ഊട്ടിയിലെയും കൊടൈക്കനാലിലെയും ബംഗ്ലാവുകൾ, ബ്രിട്ടനിലെ വീട്, ബാഴ്സലോനയിലെ വസ്തുക്കൾ എന്നിവ കണ്ടുകെട്ടിയ സ്വത്തുക്കളിൽ പെടും. ചെന്നൈയിലെ ബാങ്കിൽ കാർത്തിയുടെ പേരിലുള്ള 90 ലക്ഷം രൂപയുടെ സ്ഥിരം നിക്ഷേപവും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിട്ടുണ്ട്.

ചിദംബരം കേന്ദ്രമന്ത്രി ആയിരിക്കെ പ്രോത്സാഹന ബോർഡ് വഴി മാദ്ധ്യമസ്ഥാപനത്തിന് വിദേശ നിക്ഷേപം ലഭ്യമാക്കാൻ അനധികൃത ഇടപെടൽ നടന്നുവെന്ന കേസിൽ ചിദംബരത്തിന്റെയും മകൻ കാർത്തിയുടെയും വീടുകളിലും സ്ഥാപനങ്ങളിലും സി.ബി.ഐ നേരത്തെ പരിശോധന നടത്തിയിരുന്നു. തുടർന്ന് കാർത്തിയെ അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് ജാമ്യം ലഭിച്ചു.

ഷീന ബോറ കൊലക്കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന പീറ്റർ മുഖർജിയുടെയും ഇന്ദ്രാണി മുഖർജിയുടെയും ഉടമസ്ഥതയിലുള്ളതാണ് ഐ.എൻ.എക്സ്. മീഡിയ കമ്പനി. 2007ൽ മൗറീഷ്യസിലുള്ള മൂന്നു കമ്പനികളിൽ നിന്നായി സ്ഥാപനം 305 കോടി രൂപ നിക്ഷേപം സ്വീകരിച്ചു. 4.62 കോടി രൂപ സ്വീകരിക്കാനേ വിദേശ നിക്ഷേപ പ്രൊമോഷൻ ബോർഡിന്റെ (എഫ്.ഐ.പി.ബി.) അനുമതിയുണ്ടായിരുന്നുള്ളൂ. ആദ്യം വിസമ്മതിച്ചെങ്കിലും എഫ്.ഐ.പി.ബി. പിന്നീടിതിന് അംഗീകാരം നൽകി. അന്ന് കേന്ദ്ര ധനമന്ത്രിയായിരുന്ന പി.ചിദംബരത്തിന്റെ മകനെന്ന നിലയിൽ കാർത്തി സ്വാധീനം ചെലുത്തിയാണ് അനുമതി നേടിക്കൊടുത്തതെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തണം. ഇതിനായി കാർത്തി കൈക്കൂലി വാങ്ങിയെന്നും കണ്ടെത്തി.

കാർത്തിയുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന അഡ്വാന്റേജ് സ്ട്രാറ്റജിക് കൺസൾട്ടിംഗിന് 10 ലക്ഷം രൂപ ഐ.എൻ.എക്സ്. മീഡിയ നൽകിയെന്ന് തെളിയിക്കുന്ന രേഖ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡിൽ കണ്ടെത്തിയിരുന്നു. ഇതു കൂടാതെ മറ്റു പല കമ്പനികൾ മുഖേനയും ഐ.എൻ.എക്സ്. മീഡിയ കാർത്തിക്കു പണം നൽകിയതായും സംശയിക്കുന്നു.