മീ ടു കാമ്പയിനിൽ പെട്ട മുകേഷ്, എം.എൽ.എ സ്ഥാനം രാജിവച്ചൊഴിയണമെന്ന് കൊല്ലം ഡി.സി.സി. പ്രസിഡന്റ് ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു. അദ്ദേഹം അതിന് മടിക്കുന്നെങ്കിൽ രാജി ചോദിച്ച് വാങ്ങാൻ സി.പി.എം തയ്യാറാവണം. മുകേഷിനെതിരെ പുറത്ത് വന്ന വാർത്തകളേക്കാൾ ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് അദ്ദേഹത്തെ അടുത്തറിയുന്നവർ പറയുന്നതെന്നും, വളരെ മോശമായ വാക്കുകളാണ് എം.എൽ.എ പ്രയോഗിക്കുന്നതെന്നും ബിന്ദു കൃഷ്ണ ആരോപിക്കുന്നു.
സി.പി.എമ്മിന്റെ ഇന്നത്തെ അവസ്ഥ ലജ്ജിപ്പിക്കുന്നതാണ്, പാർട്ടി നേതാക്കൾ ഉൾപ്പെടുന്ന പീഡന കേസുകൾ പൊലീസിന് അന്വേഷിക്കാൻ നൽകാതെ പാർട്ടി നേരിട്ട് അന്വേഷിക്കുകയാണ്. ഇത്തരം കേസുകൾ അന്വേഷിച്ച് നിയമവകുപ്പ് മന്ത്രി എ.കെ ബാലനും, എംപി ശ്രീമതി ടീച്ചറിനും മന്ത്രിയുടെയും, എം.പിയുടെയുമൊക്കെ പണി ചെയ്യാനുള്ള സമയം കിട്ടാറില്ലെന്നും ബിന്ദു കൃഷ്ണ പരിഹസിക്കുന്നു.