തിരുവനന്തപുരം: എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ താൻ ശബരിമല സന്ദർശിക്കുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി.ശബരിമലയിൽ എത്താൻ ഏത് നിമിഷവും തയാറാണ്. എന്നാൽ, തീയതി തീരുമാനിച്ചിട്ടില്ലെന്നും തൃപ്തി കേരളകൗമുദി 'ഫ്ളാഷി'നോട് സംസാരിക്കവേ പറഞ്ഞു.
എന്നേ തയാർ
പരമോന്നത നീതിപീഠത്തിന്റെ വിധി അനുകൂലമാകുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ശബരിമലയിലെത്താൻ ഏതുനിമിഷവും തയാറാണ്. എത്രയും വേഗം അതുണ്ടാകും.
ഇത് ലിംഗ സമത്വത്തിന്റെ പ്രശ്നം
ഇത് ആദ്യാവസാനം ലിംഗസമത്വത്തിനു വേണ്ടിയുള്ള പോരാട്ടം തന്നെയായിരുന്നു. ഉന്നത വിദ്യാഭ്യാസമുള്ളവരും പുരോഗമനപരമായി ചിന്തിക്കുന്നുവെന്ന് അവകാശപ്പെടുന്നവരും സ്ത്രീകളെ അശുദ്ധിയുടെ പേരിൽ മാറ്റിനിറുത്തുന്നത് നീതീകരിക്കാൻ ആകാത്തതാണ്. അതിനെതിരെയാണ് ഞങ്ങൾ സമ്പാദിച്ച കോടതിവിധി.
അതുകൊണ്ടുതന്നെ ഞങ്ങളുടെ പോരാട്ടം ലിംഗസമത്വത്തിന് വേണ്ടിയായിരുന്നു എന്ന് ഒരു സംശയവും കൂടാതെ പറയാൻ കഴിയും.
റിവ്യൂ ഹർജി സമയംകൊല്ലി
കോടതിയിൽ ഈ വിഷയം ആദ്യം വന്നപ്പോൾതന്നെ കേരളത്തിൽ നിന്നുള്ള ഭക്തർ പറയുന്നതും മറുവിഭാഗം പറയുന്നതും കോടതി ശ്രദ്ധിച്ചുകേട്ടിരുന്നു. അതിനുശേഷമാണ് ഇത്തരമൊരു വിധി പുറപ്പെടുവിച്ചത്. അതുകൊണ്ടുതന്നെ ഇപ്പോൾ എതിർക്കുന്നതിൽ അർത്ഥമില്ല. അത്തരം വാദങ്ങളെല്ലാം ഉന്നയിച്ചുകഴിഞ്ഞതാണ്.
സ്ത്രീകളെ തടയുമെന്ന് പറയുക, സമരം ചെയ്യുക ഇതൊന്നും ശരിയായ വഴിയല്ല. റിവ്യൂ ഹർജിവെറുതെ സമയം കളയാനുള്ള ഉപാധി മാത്രമാണ്. കോടതി വിധിയുമായിതന്നെ ഞങ്ങൾ മുന്നോട്ടുപോകും.
ഭീഷണികളോ, നോ പ്രോബ്ലം
ഭീഷണികൾ ഒരുപാട് കണ്ടിട്ടുണ്ട്. പക്ഷേ, എന്തുചെയ്യാം, അത്തരം ഭീഷണികൾക്ക് മുന്നിൽ പതറുന്ന ആളല്ല ഞാൻ. ശബരിമലയിൽ കയറുമെന്ന് പറഞ്ഞതിന് ശേഷം കേരളത്തിൽ നിന്നുൾപ്പെടെ നിരവധി ഭീഷണി ഫോൺ കോളുകളുംസന്ദേശങ്ങളും വന്നിട്ടുണ്ട്. സൈബറിടത്തിലും വലിയതോതിൽ കാമ്പെയിൻ നടക്കുകയാണെന്നറിയാം. വന്നാൽ, മർദ്ദിക്കുമെന്നും തല്ലുമെന്നും കൊല്ലുമെന്നും അങ്ങനെ പലതരത്തിൽ. പക്ഷേ, അവിടെ കയറിക്കോളാൻ അനുവാദം തന്നത് സുപ്രീംകോടതിയാണ്. ശബരിമല ആരുടെയും പിതൃസ്വത്തല്ല. ഞങ്ങളെ സുരക്ഷിതമായി ശബരിമലയിൽ എത്തിക്കേണ്ടത് സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്തമാണ്. ഉറപ്പായിട്ടും വരും.
കമിംഗ് സൂൺ
തീയതി തീരുമാനിച്ചിട്ടില്ല. ഇപ്പോൾ മഹാരാഷ്ട്രയിൽമഹാലക്ഷ്മി ക്ഷേത്രവുമായി ബന്ധപ്പെട്ട് ഒരു പ്രക്ഷോഭത്തിലാണ്. അത് തീർപ്പായാലുടൻ ശബരിമലയിൽഎത്തുന്ന തീയതി തീരുമാനിക്കും. മണ്ഡലകാലം തീരുംമുമ്പ് വരും.ഉറപ്പായിട്ടുംവന്നിരിക്കും.
തൃപ്തി ദേശായി
ഇന്ത്യയിലെ പ്രശസ്ത ലിംഗസമത്വ പ്രവർത്തകയും ഭൂമാത റാൻ രാഗിണി (ഭൂമാതാ ബ്രിഗേഡ്) എന്ന പ്രസ്ഥാനത്തിന്റെ (2010) സ്ഥാപകയുമാണ്. കർണാടകയിലെ നിപാൻ താലൂക്കിൽ ജനനം. 2003ൽ ചേരിനിവാസികൾക്കിടയിൽ പ്രവർത്തിക്കുന്ന ക്രാന്തിവീർ ജോപ്പഡി വികാസ് സംഘ് എന്ന സംഘടനയിലൂടെ പൊതുപ്രവർത്തനത്തിന് തുടക്കം. ഭർത്താവ് പ്രശാന്ത് ദേശായി. ഒരു മകൻ. തൃപ്തി ദേശായിയുടെ നേതൃത്വത്തിൽ നടന്ന പോരാട്ടങ്ങൾക്കൊടുവിലാണ് മഹാരാഷ്ട്രയിലെ ശനി ശിംഘ്നാപുർ ക്ഷേത്രം, നാസിക്കിലെ ത്രയംബകേശ്വർ ജ്യോതിർലിംഗ ക്ഷേത്രം, ഹാജി അലിദർഗ എന്നിവിടങ്ങളിൽ സ്ത്രീപ്രവേശനം ഉറപ്പാക്കാനായത്. സ്ത്രീകൾക്കൊപ്പം ശബരിമലയിൽ എത്തുമെന്ന് മുമ്പ് തൃപ്തി ദേശായി പ്രഖ്യാപിച്ചത് വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.