methildevika

 

മീ ടൂ ക്യാമ്പയിനിന്റെ ഭാഗമായി നടൻ മുകേഷിനെതിരെ ഉയർന്ന ആരോപണത്തിൽ പ്രതികരണവുമായി ഭാര്യയും നർത്തകിയുമായ മേതിൽ ദേവിക രംഗത്ത്. ഇക്കാര്യം മുകേഷുമായി സംസാരിച്ചിരുന്നെന്നും, ഓർമ്മയില്ലെന്നാണ് അദ്ദേഹം പറഞ്ഞതെന്നും ദേവിക പറഞ്ഞു. മുകേഷ് തന്നോട് കള്ളം പറയില്ലെന്നും അവർ വ്യക്തമാക്കി. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു മേതിൽ ദേവികയുടെ പ്രതികരണം.

'ഒരു വ്യക്തിയെന്ന നിലയിൽ മീ ടൂ ക്യാമ്പയിൻ മികച്ച അവസരമാണ്. സ്ത്രീകൾക്ക് തുറന്നു സംസാരിക്കാൻ അവസരം നൽകുന്ന മീ ടൂ ക്യാമ്പയിനെ വ്യക്തിപരമായി ഞാൻ പിന്തുണയ്‌ക്കുന്നുണ്ട്. മുകേഷേട്ടനുമായി സംസാരിച്ചപ്പോൾ അങ്ങനെയൊരു സംഭവം ഓർമ്മയിലില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹം എന്നോട് നുണ പറയില്ല എന്നാണ് വിശ്വാസം.

പലപ്പോഴും ഭർത്താവിന്റെ മൊബൈൽ ഫോൺ താനാണ് കൈകാര്യം ചെയ്യുന്നത്. ഒരുപാട് സ്ത്രീകൾ പ്രകോപനപരമായ സന്ദേശങ്ങൾ അയയ്‌ക്കാറുണ്ട്. പലപ്പോഴും താനാണ് ആ മെസേജുകൾക്ക് മറുപടി അയയ്ക്കാറുള്ളത്.ഒരു ഭാര്യ എന്ന നിലയിൽ അത്തരം സന്ദേശങ്ങളെ മറ്റൊരു സ്ത്രീ ചെയ്യുന്ന ഹരാസ്‌മെന്റ് ആയേ കാണാൻ കഴിയൂ. അങ്ങനെയുള്ള സ്ത്രീകൾക്കെതിരെ ക്യാമ്പയിൻ ഒന്നുമില്ലേയെന്നാണ് എന്റെ ചോദ്യം'- ദേവിക പറഞ്ഞു.

ബോളിവുഡിലെ കാസ്റ്റിംഗ് ഡയറക്‌ടറായ ടെസ് ജോസഫാണ് മുകേഷിനെതിരെ ആരോപണമുന്നയിച്ചത്. 19 വർഷം മുമ്പ് കോടീശ്വരൻ പരിപാടിയുടെ ചിത്രീകരണ വേളയിൽ മുകേഷ് തന്നോട് താമസിക്കുന്ന ഹോട്ടൽ മുറിയിലേക്ക് വരാൻ നിർബന്ധിച്ചെന്നായിരുന്നു ടെസിന്റെ ആരോപണം.