ചെന്നൈ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനുവേണ്ടി തിരഞ്ഞെടുപ്പ് ചുക്കാൻപിടിച്ച അവിനാശ് ഇരഗവരപു കമലഹാസന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി തമിഴ്നാട്ടിൽ എത്തി. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്ന കമലിന്റെ പാർട്ടിയായ മക്കൾനീതിമയ്യത്തിന്റെ പ്രവർത്തനങ്ങൾക്കായാണ് അവിനാശിന്റെ വരവ്.
സാങ്കേതികവിദ്യയും ചടുലതന്ത്രങ്ങളും ഉപയോഗിച്ച് വോട്ടർമാരെ സ്വാധീനിക്കുകവഴി സീറ്റ് നിലനിറുത്താനോ സ്ഥാനാർത്ഥിയെ ജയിപ്പിക്കാനോ അമേരിക്ക ആശ്രയിക്കുന്ന ഏക ഇന്ത്യാക്കാരനായ അവിനാശ് നിലവിൽ അരിസോണ റിപ്പബ്ലിക്കൻ പാർട്ടിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറാണ്. പ്രേക്ഷകരെയും ശ്രോതാക്കളെയും പിടിച്ചിരുത്താൻ അവിനാശ് ഉപയോഗിക്കുന്നത് ഡേറ്റാ മോഡലിംഗും സൈക്കോ പ്രൊഫൈലിംഗുമാണ്.
കോയമ്പത്തൂരിൽ നടന്ന മക്കൾ നീതി മയ്യത്തിന്റെ ഭാരവാഹി യോഗത്തിൽ അവിനാശ് പങ്കെടുത്തു. കമൽഹാസന്റെ അഴിമതി വിരുദ്ധ പ്രതിച്ഛായ ഉയർത്തിപ്പിടിക്കുകയാണ് തിരഞ്ഞെടുപ്പ് പ്രചാരണ തന്ത്രങ്ങളിൽ മുഖ്യം. തിരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. എത്രസീറ്റുകളിൽ മത്സരിക്കുമെന്നതടക്കമുള്ള കാര്യങ്ങൾ വരുംദിവസങ്ങളിൽ തീരുമാനിക്കും.