crime

പത്തനംതിട്ട: നിരവധി കേസുകളിൽ പ്രതിയായ യുവാവ് ഒന്നരക്കിലോ കഞ്ചാവുമായി പിടിയിൽ. ശബരിമല ഇടത്താവളത്തിന് മുമ്പിൽ നിന്നാണ് അപ്പാച്ചി പുരയിടം വീട്ടിൽ നാഗാ സുരേഷ് എന്ന് വിളിക്കുന്ന അബ്ദുൽ സലാം (38) എക്സൈസിന്റെ പിടിയിലായത്. ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ ചന്ദ്രപാലന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ എസ്. സഞ്ജീവ് കുമാറും സംഘവും കഞ്ചാവ് വാങ്ങാനെന്ന വ്യാജേന അബ്ദുൾ സലാമിനെ വിളിച്ചു വരുത്തുകയായിരുന്നു. പിടിയിലാകുമ്പോൾ ഒന്നേകാൽ കിലോ കഞ്ചാവ് ഇയാളുടെ കൈവശം ഉണ്ടായിരുന്നു.

തമിഴ്‌നാട്ടിലെ കമ്പത്തു നിന്ന് വൻതോതിൽ കഞ്ചാവ് കൊണ്ടുവന്ന് ചെറുകിട കച്ചവടക്കാർക്ക് വില്പന നടത്തി വരുകയായിരുന്നു അബ്ദുൽ സലാം. ജില്ലയിൽ നിരവധി പൊലീസ്, എക്‌സൈസ് കേസുകളിലും എക്‌സൈസുകാരെ ആക്രമിച്ച കേസിലും പ്രതിയാണ്. എക്‌സൈസ് ഇൻസ്‌പെക്ടർ ഉനൈസ് അഹമ്മദ്, ഇന്റലിജൻസ് എക്‌സൈസ് ഇൻസ്‌പെക്ടർ കെ. കൃഷ്ണകുമാർ, പ്രിവന്റീവ് ഓഫീസർമാരായ എസ്. രാധാകൃഷ്ണൻ, ശശിധരൻ പിള്ള, സി.ഇ.ഒമാരായ സതീഷ്‌കുമാർ, സുഭാഷ് കുമാർ, ബിനീഷ് പ്രഭാകർ, ശ്രീ ആനന്ദ്, ഡ്രൈവർ വിജയൻ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.