കേരളത്തെ വിഴുങ്ങാനെത്തിയ പ്രളയത്തെ അതിജീവിച്ചവളാണ് ചേന്ദമംഗലത്തെ ചേറിനെ അതിജീവിച്ച 'ചേക്കുട്ടി'. പ്രളയത്തിൽ നശിച്ച കൈത്തറി വസ്ത്രങ്ങൾ ഉപേക്ഷിക്കാതെ പുനരുപയോഗിച്ച് നിർമ്മിച്ചതാണ് ചേക്കുട്ടി എന്ന പേരിൽ അറിയപ്പെടുന്ന പാവക്കുട്ടി. പ്രളയത്തെ അതിജീവിച്ച കേരള ജനതയുടെ അടയാളമായി ചേക്കുട്ടി മാറുകയും ചെയ്തു. എന്നാൽ പ്രളയ ദുരിതം പേറുന്ന ചേന്ദമംഗലം കൈത്തറി ഗ്രാമത്തിലെ നെയ്ത്തുകാർക്ക് ഒരു കൈ സഹായമായി വീണ്ടും ചേക്കുട്ടിപ്പാവകളെ നിർമ്മിക്കുകയാണ് ആലപ്പുഴ നീർക്കുന്നം എസ്.ഡി.വി. സ്‌കൂളിലെ കുട്ടികൾ. ഉപയോഗ ശൂന്യമായ തുണികൾ അണുവിമുത്മാക്കിയതിന് ശേഷമാണ് കുട്ടികൾ പാവ നിർമ്മാണത്തിന് എടുക്കുന്നത്. നവകേരളനിർമ്മിതിക്കായുള്ള ഫണ്ട് സ്വരൂപിക്കാനാണ് കുട്ടികൾ ഈ പാവകൾ നിർമ്മിക്കുന്നത്. ഓൺലൈനായി ഇവ വാങ്ങാനാവും, കിട്ടുന്ന തുക മുഴുവനായും ചേക്കുട്ടിയുടെ സ്വന്തം നാടായ ചേന്ദമംഗലത്തെ കൈത്തറി പുനരുദ്ധാരണ പ്രവർത്തനത്തിനായി ഉപയോഗിക്കും. ആലപ്പുഴ കളക്ടറാണ് ചേക്കുട്ടിയുടെ ഈ വിശേഷങ്ങൾ ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്.