ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അഴിമതിക്കാരനാണെന്ന് ആവർത്തിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. ഫ്രാൻസിൽ നിന്ന് റാഫേൽ വിമാനങ്ങൾ വാങ്ങിയതിലൂടെ റിലയൻസ് ഇൻസ്ട്രീസ് ചെയർമാൻ അനിൽ അംബാനിക്ക് 30,000 കോടിയുടെ ലാഭമുണ്ടാക്കി കൊടുത്തതായും രാഹുൽ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
ഫ്രാൻസിലെ മീഡിയ പാർട്ട് ഏജൻസിയുടെ വെളിപ്പെടുത്തൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കള്ളക്കളി പുറത്തുകൊണ്ടുവന്നിട്ടുണ്ട്. കരാറിലെ ഇന്ത്യൻ പങ്കാളിയായി റിലയൻസിനെ നിർബന്ധമായും തിരഞ്ഞെടുക്കണമെന്ന വ്യവസ്ഥ സംബന്ധിച്ച വിശദാംശങ്ങളാണ് ഇപ്പോൾ പുറത്ത് വന്നത്. ഇതോടെ മോദി ഇന്ത്യയുടെയല്ല അനിൽ അംബാനിയുടെ പ്രധാനമന്ത്രിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും രാഹുൽ പറഞ്ഞു.
മോദി അംബാനിയുടെ ജോലിക്കാരനായി മാറി. റാഫേൽ വിഷയത്തിൽ തൃപ്തികരമായ വിശദീകരണം നൽകാൻ മോദി ബാദ്ധ്യസ്ഥനാണ്. അല്ലെങ്കിൽ അദ്ദേഹം പ്രധാനമന്ത്രി പദവി ഉപേക്ഷിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു. റാഫേൽ സംബന്ധിച്ച നിർണായക വിവരങ്ങൾ പുറത്തുവരുന്നതിനിടെ കേന്ദ്ര പ്രതിരോധ മന്ത്രി നിർമല സീതാരാമൻ ഫ്രാൻസിലേക്ക് പോയത് ദുരൂഹതയേറ്റുന്നു. കരാറിലെ അഴിമതി മൂടിവയ്ക്കാനാണ് ഇതെന്ന് സംശയിക്കേണ്ടയിരിക്കുന്നു. കൂടുതൽ സത്യങ്ങൾ പുറത്ത് വരാനിരിക്കുന്നതേയുള്ളൂ - രാഹുൽ പറഞ്ഞു.