health

മാതാപിതാക്കൾക്ക് എന്തെങ്കിലും സംഭവിച്ചാൽ ഞാൻ ഒറ്റയ്ക്ക് ആകില്ലേ എന്ന ചിന്ത ചെറുപ്രായം മുതൽ കുട്ടികളിൽകാണുന്നഒന്നാണ്. മിക്കകുട്ടികളും ഇത് പുറത്തുപറയില്ല. ഇനി പറഞ്ഞാൽത്തന്നെ ആരും ഗൗരവത്തിൽ എടുക്കാറുമില്ല. ചിലർ കളിയാക്കുകയും ചെയ്യും. അതുകൊണ്ട് കുട്ടിയുടെ മനസിലുള്ള ഭയം പോകണമെന്നില്ല.

ചില കുട്ടികൾ ഭയത്തെ അതിജീവിക്കാനായി അമിതമായ പ്രാർത്ഥനകൾ നടത്തുകയും, ചെയ്യുന്നകാര്യം (ദിനചര്യയിൽപ്പെടുന്ന കാര്യങ്ങൾ ആയാലും) മൂന്ന് തവണ ചെയ്യുകയും ചെയ്യുന്നു. ഇങ്ങനെ ചെയ്തില്ലെങ്കിൽ വേണ്ടപ്പെട്ടവർക്ക് എന്തെങ്കിലും സംഭവിക്കും എന്നാണ് അവർ കരുതുന്നത്. ഇത് ഒബ്‌സെസിവ് കമ്പൽസിവ് ഡിസോർഡർ എന്ന മാനസികപ്രശ്നം ആയി മാറും. താരതമ്യേന നിസാരമായി കണക്കാക്കപ്പെടുന്ന പരീക്ഷാപ്പേടി അത് അനുഭവിക്കുന്ന സമയത്തുതന്നെ കൗൺസിലിംഗും തെറാപ്പിയും ചെയ്തുമാറ്റിയിട്ടില്ലെങ്കിൽ ഭാവിയിൽ ഉത്കണ്ഠാരോഗം ആയിമാറിയേക്കാം.

പ്രേതഭൂത ഭയവും ജീവിതകാലം മുഴുവൻ പിന്തുടരാൻ സാധ്യതയുണ്ട്. ഇത് കുടുംബജീവിതത്തെയും ജോലിയെയുമൊക്കെ ബാധിക്കാനിടയാകും. കളിയാക്കൽ കാര്യമായി എടുക്കുന്ന ചില പെർഫെക്ഷനിസ്റ്റുകൾ എന്ത് വിലകൊടുത്തും മറ്റുള്ളവരുടെ അഭിപ്രായം നടപ്പിലാക്കാൻ നോക്കും. ഒരു പെൺകുട്ടി തടിച്ചതാണെന്ന് ആരോപറഞ്ഞതിന് ഭക്ഷണം നിയന്ത്രിക്കുന്ന സ്ഥിതിയുണ്ടായി. തടി കുറഞ്ഞിട്ടും പിന്നെയും തടി ഉണ്ടെന്നുവിശ്വസിച്ച് ഒന്നും കഴിക്കാൻ കൂട്ടാക്കാതെയായി. ഒടുവിൽ അനൊറെക്സിയ നെർവോസ എന്ന പ്രശ്നത്തിന് ചികിത്സ തേടുകയായിരുന്നു.

അതേസമയം ചെറിയ പരീക്ഷാപ്പേടി എന്ന് പറഞ്ഞുപോകുന്ന കുട്ടികൾക്ക് വരെ മരുന്നുകൊടുത്തു ചികിത്സിക്കുന്ന അവസ്ഥയുമുണ്ട്. ഡോക്ടറെ കുറ്റംപറഞ്ഞിട്ട് കാര്യമില്ല.രക്ഷിതാക്കളും ആഗ്രഹിക്കുന്നത് മരുന്ന് കൊടുത്ത് പെട്ടെന്ന് പ്രശ്നംമാറ്റി എടുക്കാം എന്നാണ്. പക്ഷെ ശരീരത്തിനുണ്ടാകുന്ന രോഗം മരുന്നുകൊടുത്തു മാറ്റുന്നത് പോലെ അത്ര എളുപ്പമല്ല മാനസികപ്രശ്നം ചികിത്സിക്കുന്നത്. ഉപബോധ മനസിൽ നിന്ന്‌തെറ്റായ വിശ്വാസങ്ങളും പേടികളും മാറ്റിയെടുത്താൽ പ്രശ്നങ്ങളെ തരണംചെയ്യാനുള്ള മനഃശക്തി വീണ്ടെടുക്കാൻ സാധിക്കും.

ഡോ. കെ.ജി രാജേഷ്,
സൈക്കോളജിസ്റ്റ്,
ലീപ്പ് കൗൺസിലിംഗ് സെന്റർ,
കണ്ണൂർ
മൊബൈൽ:
9388776640, 8089279619