കൊച്ചി: മുസ്ളിം പള്ളിയിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുമഹാസഭ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. മുസ്ലിം സ്ത്രീകൾക്കു വേണ്ടി കോടതിയെ സമീപിക്കാൻ അഖില ഭാരത ഹിന്ദു മഹാസഭയ്ക്ക് അവകാശമില്ലെന്ന് ഹർജി തള്ളിക്കൊണ്ട് ചീഫ് ജസ്റ്റീസ് അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ച് പറഞ്ഞു.
പ്രായഭേദമന്യേ ശബരിമലയിൽ സത്രീകൾക്ക് പ്രവേശനം അനുവദിച്ചതിനെ ഈ ഹർജിയുമായി ബന്ധപ്പെടുത്താനാകില്ല. മുസ്ളിം പള്ളികളിൽ സ്ത്രീകളെ പ്രവേശിപ്പിക്കാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെടാൻ എന്തവകാശമാണ് ഹർജിക്കാരനുള്ളതെന്ന് കോടതി ചോദിച്ചു. ഹർജിയിൽ മുസ്ലിം സ്ത്രീകൾ ആരെങ്കിലും കക്ഷികളാണോയെന്ന് ചോദിച്ച കോടതി, ചില മുസ്ലീം പള്ളികളിൽ സ്ത്രീകളെ കയറ്റുന്നില്ലേയെന്നും ആരാഞ്ഞു.
ചില പള്ളികളിൽ മുസ്ളിം സ്ത്രീകളെ കയറ്റുന്നില്ലെന്ന് ഹർജിക്കാരനായ അഖില ഭാരത ഹിന്ദുമഹാസഭാ കേരള ഘടകം പ്രസിഡന്റ് സ്വാമി ദത്താത്രേയ സായ് സ്വരൂപ് ചൂണ്ടിക്കാട്ടിയപ്പോൾ ഇതിന് തെളിവുണ്ടോയെന്ന് കോടതി ചോദിച്ചു. സ്ത്രീകൾക്ക് ശബരിമലയിൽ പോകേണ്ടെന്നാണ് ആഗ്രഹമെങ്കിൽ നിർബന്ധിക്കാനാവുമോയെന്നും കോടതി ചോദിച്ചു. തുടർന്ന് ഹർജി പിൻവലിക്കാൻ കോടതി ഹർജിക്കാരനോട് നിർദ്ദേശിച്ചു. എന്നാൽ എന്ത് വേണമെന്ന് കോടതിക്ക് തീരുമാനിക്കാമെന്ന് ഹർജിക്കാരൻ പറഞ്ഞതിനെ തുടർന്ന് കേസ് ഡിവിഷൻ ബെഞ്ച് തള്ളുകയായിരുന്നു.