പോലീസ് പരമേശ്വരനെ ഒരുപാട് തിരഞ്ഞു. കണ്ടെത്താനായില്ല...
വൈകിട്ട് കോളേജിലേക്കു പോന്ന ശേഷം തിരികെ എത്തിയിട്ടില്ലെന്ന് വീട്ടുകാർ ഉറപ്പിച്ചു പറഞ്ഞു.
പിന്നെ പരമേശ്വരൻ എങ്ങോട്ടു പോയി?
എസ്.പി അരുണാചലവും സി.ഐ അലക്സ് എബ്രഹാമും തല പുകച്ചു.
അന്ന് സത്യന്റെ പോസ്റ്റുമോർട്ടം നടന്നെങ്കിലും സംസ്‌കാരം ഉണ്ടായില്ല. പിറ്റേന്ന് കോളേജിൽ പൊതുദർശനത്തിനു വച്ചതിനു ശേഷമേ അതുണ്ടാവൂ...
പതിവുകൾക്കു വിരുദ്ധമായി ആ ദിവസം ഹർത്താൽ വേണ്ടെന്നും പകരം വിദ്യാർത്ഥികൾ പഠിപ്പു മുടക്കി സമരം ചെയ്യുമെന്നും നേതാക്കൾ അറിയിച്ചിട്ടുണ്ട്.
''അലക്‌സേ...' തന്റെ ഓഫീസിൽ എതിരെ ഇരിക്കുന്ന സി.ഐയെ എസ്.പി അരുണാചലം നോക്കി.
''സാർ..'
സി.ഐ മുന്നോട്ടാഞ്ഞിരുന്നു.
''നമുക്ക് മുന്നിൽ കുറച്ചു മണിക്കൂറുകൾ ഉണ്ട്. കൊല്ലപ്പെട്ട യുവാവിന്റെ ശവസംസ്‌കാരത്തിനു മുൻപ് യഥാർത്ഥ പ്രതികളെ കസ്റ്റഡിയിൽ എടുത്തിരിക്കണം. അതു വേണ്ടെന്ന് ഏത് കൊമ്പത്തു നിന്ന് വിളിച്ചു പറഞ്ഞാലും കാര്യമാക്കണ്ടാ... എന്ത് കോൺസ്വീക്കൻസസ് ഉണ്ടായാലും ഇക്കാര്യത്തിൽ ഉത്തരവാദിത്വം മുഴുവൻ എന്റേതാണ്.'
''സാർ..' അലക്സ് എബ്രഹാം പിടഞ്ഞുണർന്നു. ''സാറിന്റെ ഈ ഒരു ഉറപ്പു മാത്രം എനിക്കു മതി.'
അയാൾ പെട്ടെന്ന് എഴുന്നേറ്റ് സല്യൂട്ടു ചെയ്തു.
എസ്.പി തുടർന്നു:
''ഇപ്പോൾ കസ്റ്റഡിയിൽ ഉള്ള വിദ്യാർത്ഥികൾ നിരപരാധികളാണ്. പക്ഷേ അത് നമ്മൾ പുറത്തു കാണിക്കരുത്. കൊലയാളികൾ സ്വാതന്ത്ര്യത്തോടെ പുറത്തിറങ്ങാൻ അത് സഹായകരമാകും.'
''സാർ...'
''പിന്നെ ആ വാച്ചറെക്കുറിച്ച് എന്തു സൂചന കിട്ടിയാൽ ഉടൻ എന്നെ വിളിക്കണം. അയാളെ കണ്ടാൽ നമുക്ക് നിജസ്ഥിതി ബോദ്ധ്യമാകും. എത്ര വിശ്വസ്തരെ വേണമെങ്കിലും ഞാൻ തനിക്കൊപ്പം അയയ്ക്കാം. റിക്കാർഡിൽ ബ്ളാക്ക് മാർക്ക് ഇല്ലാത്തവരെ..'
എസ്.പി തന്റെ മുന്നിലിരുന്ന ലാപ്‌ടോപ്പിൽ പോലീസുകാരുടെ ഫയൽ പരിശോധിക്കാൻ തുടങ്ങി.
അലക്സ് എബ്രഹാം ഒന്നുകൂടി അറ്റൻഷനായിട്ട് അവിടെ നിന്നിറങ്ങി.
പരമേശ്വരനെ എങ്ങനെയും കണ്ടെത്തണം. അതായിരുന്നു സി.ഐയുടെ മനസ്സിൽ...
ആ നേരത്ത് പരമേശ്വരൻ ഒരിടത്തുണ്ടായിരുന്നു.
ഒരുപാട് കാലമായി ഉപയോഗിക്കാതെ കിടന്നിരുന്ന ഒരു റൈസ് മില്ലിൽ...
ഭിത്തികളിലും മേൽക്കൂരയിൽ നിന്നു തൂങ്ങിക്കിടന്ന മാറാലകളിലുമൊക്കെ തവിടു പറ്റിയിരിക്കുകയാണ്.
മേൽക്കൂരയിലെ ഉത്തരത്തിൽ നിന്നു തൂങ്ങിക്കിടന്നിരുന്ന കയറിൽ ബന്ധിതനാണ് പരമേശ്വരൻ. അയാളുടെ കൈകൾ മുകളിലേക്ക് ഉയർത്തിയ നിലയിൽ കെട്ടിയിരിക്കുന്നു.
ഷർട്ട് വലിച്ചുകീറിയ നിലയിലാണ്. ശരീരം മുഴുവൻ അടിയേറ്റ് തിണർത്ത പാടുകൾ.. മൂക്കിൽ നിന്ന് രണ്ടു ചുവന്ന വരപോലെ ഒലിച്ചിറങ്ങി ഉണങ്ങിയ ചോര...
കഴുത്ത് ഒടിഞ്ഞതുപോലെ ഇടതു തോളിലേക്കു തല മുട്ടി നിൽക്കുന്നു...
അടഞ്ഞ കണ്ണുകൾ...
അയാളെ കാണത്തക്കവിധം കുറച്ചകലെ ഇരുന്ന് മദ്യപിക്കുകയാണ് എട്ടുപേർ..
അവരിൽ ഒരാൾ ഗ്ലാസിൽ അവശേഷിച്ച മദ്യം വായിലേക്കു കമിഴ്ത്തിയിട്ട് പുറം കൈകൊണ്ടു ചുണ്ടു തുടച്ചു.
പിന്നെ മുന്നിലെ പാത്രത്തിൽ നിന്ന് പൊറോട്ടയെടുത്തു മുറിച്ച് ചിക്കൻ ചാറിൽ മുക്കി വായിലേക്കു വച്ചു.
''ഈ കിഴവനെ നോക്കിക്കൊണ്ട് എത്രനേരം നമ്മളിങ്ങനെ ഇരിക്കണം?' മറ്റൊരാൾ അസ്വസ്ഥനായി.
''കൊന്നു കുഴിച്ചു മൂടാനാണെങ്കിൽ എത്ര എളുപ്പമാ?'
രണ്ടാമൻ ചിരിച്ചു.
''ഏതായാലും ആളെ കൂട്ടാൻ പോയ ഇയാളെ കയ്യോടെ കിട്ടിയത് നന്നായി... അല്ലെങ്കിൽ അവിടെ യഥാർത്ഥത്തിൽ നടന്നതെന്താണെന്ന് പുറത്തറിഞ്ഞേനെ...'
അയാൾ കാലിയായ മിനറൽ വാട്ടറിന്റെ ബോട്ടിൽ മുറിയുടെ മൂലയിൽ കിടന്നിരുന്ന വെയ്സ്റ്റിലേക്കു വലിച്ചെറിഞ്ഞു.
അടുത്ത നിമിഷം അവിടെ നിന്ന് ഒരു ചീറ്റൽ കേട്ടു.
ഏവരും അവിടേക്കു നോക്കി. ഒരു കരിമൂർഖൻ!
ഫണം വിടർത്തി നിൽക്കുന്നു..
''അതിന്റെ താമസസ്ഥലത്തേക്ക് കുപ്പിയെറിയാൻ നിന്നോടു പറഞ്ഞോടാ?'
അവർ പാമ്പിനെ ശ്രദ്ധിക്കാത്ത മദ്യസേവ തുടർന്നു.
''കിഴവനെ കിട്ടിയതുകൊണ്ട് നമ്മുടെ അക്കൗണ്ടുകളിൽ ഓരോ ലക്ഷം കൂടിയായി...' അതുവരെ മിണ്ടാതിരുന്നവൻ ചിരിച്ചു.
അടുത്ത നിമിഷം നേതാവിന്റെ ഫോൺ ശബ്ദിച്ചു.
അയാൾ അതെടുത്തു നോക്കി.
പിന്നെ മറ്റുള്ളവരോടു ശബ്ദം താഴ്ത്തി.
''ശ്ശ്.. സാറാണ്...'
അവരും കാത് കൂർപ്പിച്ചു. (തുടരും)