പിറന്നാൾ ദിനത്തിൽ നിവിൻ പോളിക്ക് പൊലീസിന്റെ തല്ല്. പൊലീസ് സ്‌റ്റേഷനിലിട്ട് വളരെ നിഷ്‌ഠൂരമായാണ് നിവിനെ എസ്.ഐ തല്ലുന്നത്. പറഞ്ഞു വരുന്നത് സിനിമാക്കാര്യമാണെന്ന വ്യത്യാസം മാത്രം. പുതിയ ചിത്രമായ മിഖായേലിന്റെ ടീസറിലാണ് നിവിൻ പൊലീസിന്റെ തല്ലു കൊള്ളുന്നത്. മെഗാ സ്‌റ്റാർ മമ്മൂട്ടിയാണ് ചിത്രത്തിന്റെ പോസ്‌റ്റർ പുറത്തുവിട്ടത്. ഗ്രേറ്റ് ഫാദറിന് ശേഷം ഹനീഫ് അദേനി ഒരുക്കുന്ന ചിത്രം പക്കാ ആക്ഷൻ ത്രില്ലറായാണ് ഒരുങ്ങുന്നതെന്ന് ടീസറിൽ നിന്ന് വ്യക്തമാണ്.
പൊലീസ് സ്റ്റേഷനിൽ വച്ച് തല്ലുകൊള്ളുന്ന നിവിൻ പോളിയെയാണ് ടീസറിൽ കാണാൻ കഴിയുക. തല്ലിയതിനുശേഷം പെയിൻ കില്ലറിന്റെപേര് പറയുന്ന പൊലീസുകാരനോട്, ഇതിലും ഡോസുള്ളത് ഞാനെഴുതുന്നുണ്ടെന്നും പറയുന്ന നായകൻ തിയേറ്ററുകൾ പൂരപറമ്പാക്കുമെന്ന് നിസംശയം പറയാം.സിദ്ദിഖ്, കലാഭവൻ ഷാജോൺ, കെ.പി.എ.സി.ലളിത, ശാന്തികൃഷ്ണ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അതേസമയം, നിവിൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന കായംകുളം കൊച്ചുണ്ണി ഇന്ന് റിലീസ് ചെയ്‌തു. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സൂപ്പർതാരം മോഹൻലാൽ ഇത്തരക്കിരപക്കിയായി എത്തുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.