തിരുവനന്തപുരം: നിവിൻ പോളി നിറഞ്ഞുനില്ക്കുന്ന കായംകുളം കൊച്ചുണ്ണിയിൽ ഇത്തിക്കര പക്കിയായി മോഹൻലാൽ പ്രവേശിക്കുമ്പോൾ പ്രേക്ഷകർ ആവേശഭരിതരായി. നിറഞ്ഞ കരഘോഷത്തോടെ ലാലേട്ടനെ വരവേറ്റവർ തിയേറ്റർ വിട്ടിറങ്ങുമ്പോൾ പരസ്പരം പറഞ്ഞു: നിവിൻ പോളി കലിക്കി. റോഷൻ ആൻഡ്രൂസിന്റെ സംവിധാനത്തിൽ ഒരുങ്ങിയ കായംകുളം കൊച്ചുണ്ണിക്ക് ഇന്നലെ തിയേറ്ററുകളിൽ നല്ല വരവേല്പായിരുന്നു
കേരളത്തിനകത്തും പുറത്തുമായി 500 തിയേറ്ററുകളിൽ ഇന്നലെ പ്രദർശനം തുടങ്ങി. തലസ്ഥാനത്തെ വിവിധ തിയേറ്ററുകളിൽ ആദ്യ പ്രദർശനത്തിനുതന്നെ വലിയ തിരക്കായിരുന്നു. 45 കോടി രൂപ ചെലവിൽ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് കായംകുളം കൊച്ചുണ്ണിയുടെ നിർമ്മാണം. തിരക്കഥ ബോബി-സഞ്ജയ്. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലെ കായംകുളം കൊച്ചുണ്ണിയുടെ കഥയ്ക്കൊപ്പം ഇത്തിക്കരപ്പക്കിയെന്ന തസ്കര വീരന്റെ കഥ കൂടി വിളക്കിച്ചേർത്ത സിനിമയിൽ 19-ാം നൂറ്റാണ്ടിനെ കൃത്യമായി അടയാളപ്പെടുത്തുന്ന ലൊക്കേഷനുകളും കൂടിയായപ്പോൾ കൗതുകമേറി. മുതൽ മുടക്കിന്റെ മികവ് സാങ്കേതികതയിലും അവതരണത്തിലും ഏറെ പ്രകടം.
കായംകുളത്തുകാർ കണ്ടില്ല
കായംകുളം കൊച്ചുണ്ണിയെ ഇന്നലെ മലയാളക്കരയാകെ കണ്ടപ്പോൾ അതിനു ഭാഗ്യം ലഭിക്കാത്തതിന്റെ നിരാശയിലാണ് സ്വന്തം നാട്ടുകാർ. കായംകുളത്ത് തിയേറ്റർ ഇല്ലാത്തതാണ് കാരണം. സിനിമയിലൂടെ കൊച്ചുണ്ണി കായംകുളത്തേക്ക് എത്തിയില്ലെങ്കിലും അവിടെ ഇന്നും വേരോടെ നിൽക്കുകയാണ് കൊച്ചുണ്ണിക്കഥകൾ. കൊച്ചുണ്ണിക്ക് ഇരുനൂറ് വയസ് തികഞ്ഞ വേളയിലാണ് ഗോകുലം ഗോപാലൻ നിർമ്മിച്ച 'കായംകുളം കൊച്ചുണ്ണി "യുടെ വരവ്. കൊച്ചുണ്ണിയുമായി ബന്ധപ്പെട്ട് ചരിത്രാന്വേഷകർക്ക് വഴികാട്ടിയാകുന്ന നിരവധി തെളിവുകൾ കായംകുളത്ത് ഇന്നും അവശേഷിക്കുന്നു. വാരണപ്പള്ളി തറവാട്ടിലും പത്തിയൂർ കുരിക്കശേരി തറവാട്ടിലും അറപ്പുര വാതിലിലും പത്തായപ്പുരയിലും കൊച്ചുണ്ണി മോഷണം നടത്താൻ തുരന്നതിന്റെ ശേഷിപ്പുകൾ ഇന്നും അതുപോലെയുണ്ട്. കള്ളനാണെങ്കിലും കായംകുളത്തുകാർക്ക് കൊച്ചുണ്ണി ഒരു വീരനായകൻ കൂടിയാണ്. കേട്ടറിഞ്ഞ കൊച്ചുണ്ണിയെ കണ്ടറിയണമെങ്കിൽ ഇനി സമീപപ്രദേശങ്ങളിലെ തിയേറ്ററുകളെ ആശ്രയിക്കണം കായംകുളത്തുകാർ.