gadkari

മുംബയ്:2014ലെ പൊതു തിരഞ്ഞെടുപ്പ് ജയിക്കാൻ ബി. ജെ. പി വ്യാജ വാഗ്ദാനങ്ങൾ നൽകിയെന്ന് താൻ പറഞ്ഞതായ റിപ്പോർട്ടുകൾ തെറ്റാണെന്ന് സീനിയർ പാർട്ടി നേതാവും കേന്ദ്രമന്ത്രിയുമായ നിതിൻ ഗഡ്കരി വ്യക്തമാക്കി.

2014ലെ മഹാരാഷ്‌ട്ര തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ‌ഞാൻ നടത്തിയ ചില പരാമർശങ്ങൾ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തതാണെന്ന് അദ്ദേഹം പറഞ്ഞു.

മറാത്തി ചാനലുമായുള്ള എന്റെ ഇന്റർവ്യൂവിലാണ് ഈ പരാമർശങ്ങൾ ഉണ്ടായത്.മഹാരാഷ്‌ട്ര തിരഞ്ഞെടുപ്പിൽ ടോൾ പ്ലാസകളിലെ ഫീസുമായി ബന്ധപ്പെട്ട ഇലക്‌ഷൻ വാഗ്ദാനങ്ങളെ പറ്റി ദേവേന്ദ്ര ഫഡ്‌നാവിസും അന്തരിച്ച ഗോപിനാഥ് മുണ്ടെയും എന്നോട് ചർച്ച ചെയ്‌തിരുന്നു. അത് നടപ്പാക്കാൻ പ്രയാസമായിരിക്കുമെന്നതിനാൽ ഞാൻ അതിനെ എതിർക്കുകയും അത്തരം വാഗ്ദാനങ്ങൾ നൽകരുതെന്ന് ആവശ്യപ്പെടുകയും ചെയ്‌തു. ബി.ജെ.പി ഏറെക്കാലവും പ്രതിപക്ഷത്തായിരുന്നതിനാലും ഭരണപരിചയം കുറവായതിനാലും തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നൽകുന്നതിൽ പരിമിതികൾ ഉണ്ടെന്നും ഞാൻ അവരോട് പറഞ്ഞു. ഈ പരാമർശങ്ങൾ ഒരു വിഭാഗം മാദ്ധ്യമങ്ങൾ വളച്ചൊടിക്കുകയായിരുന്നു. ഞാൻ എന്നും വാഗ്ദാനങ്ങൾ പാലിക്കാറുണ്ട് - ഗഡ്കരി പറഞ്ഞു.

മറാത്തിയിലുള്ള ഗഡ്കരിയുടെ ഇന്റർവ്യൂവിന്റെ ദൃശ്യങ്ങൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്‌ത കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധി അദ്ദേഹത്തെ വിമർശിച്ചിരുന്നു. അതേ പരാമർശിച്ച് രാഹുൽ ഗാന്ധിക്ക് എന്നുമുതലാണ് മറാത്തി മനസിലാകാൻ തു‌ടങ്ങിയതെന്നും ഗഡ്കരി പരിഹസിച്ചു.