ava
എ.വി.എ ലോഗോ

കൊച്ചി: എ.വി.എ ഗ്രൂപ്പ് എറണാകുളം പള്ളിക്കരയിൽ നിർമ്മിച്ച സമ്പൂർണ മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയായ 'സഞ്ജീവനം ആയുർവേദ ഹോസ്‌പിറ്റൽ" 18ന് പ്രവർത്തനം തുടങ്ങും. ആയുർവേദ സോപ്പായ മെഡിമിക്‌സ്, ഭക്ഷ്യോത്‌പന്ന ബ്രാൻഡായ മേളം, പ്രകൃതിദത്ത കോസ്‌മെറ്രിക് ഉത്പന്ന ബ്രാൻഡായ കേത്ര എന്നിവയുടെ നിർമ്മാതാക്കളാണ് എ.വി.എ ഗ്രൂപ്പ്.

പേശി, അമിതവണ്ണം എന്നിവയുമായി ബന്ധപ്പെട്ട അസുഖങ്ങൾ, നാഡീ സംബന്ധ പ്രശ്‌നങ്ങൾ, സ്‌ത്രീജന്യ വന്ധ്യത, ഗൈനക്കോളജി, ത്വക്ക്, തലമുടി സംരക്ഷണം എന്നിവയിൽ പ്രത്യേക ചികിത്സ ലഭ്യമാക്കുകയാണ് സഞ്ജീവനത്തിന്റെ ലക്ഷ്യമെന്ന് എ.വി.എ ഗ്രൂപ്പ് മാനേജിംഗ് ഡയറക്‌ടർ ഡോ. എ.വി. അനൂപ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. അതിവിദഗ്ദ്ധരായ ഡോക്‌ടർമാർ, അലോപ്പതി സ്‌പെഷ്യലിസ്‌റ്റുകൾ, ഡയറ്റീഷ്യന്മാർ, ഫിസിയോതെറാപ്പിസ്‌റ്റുകൾ തുടങ്ങിയവർ ആശുപത്രിയുടെ മികവാണ്.

ഒ.പി. സൗകര്യം, ഫിറ്റ്‌നസ് സെന്റർ, ഫിസിയോതെറാപ്പി സെന്റർ, ഇ-ലൈബ്രറി, സിനിമ തിയേറ്റർ, യോഗ ഡെക്കുകൾ, വെജ് - നോൺ വെജ് റെസ്‌റ്റോറന്റുകൾ, റിക്രിയേഷൻ കേന്ദ്രങ്ങൾ തുടങ്ങിയവയുമുണ്ട്. ഒരേക്കറിൽ പൂർണമായും പ്രകൃതിസൗഹാർദ്ദമായാണ് ആശുപത്രിയുടെ നിർമ്മാണം. ആദ്യഘട്ടത്തിൽ 70 മുറികളാണുള്ളത്. 40 കോടി രൂപയാണ് നിക്ഷേപം. രണ്ടാംഘട്ടത്തിൽ 40 മുറികൾ കൂടി ചേർക്കും.

ശരിയായ ആയുർവേദ ചികിത്സ പ്രാപ്യമായ ചെലവിൽ എവർക്കും ലഭ്യമാക്കുകയും ആയുർവേദത്തെ ലോകതലത്തിലേക്ക് ഉയർത്തുകയുമാണ് എ.വി.എ ഗ്രൂപ്പിന്റെ ലക്ഷ്യം. ആയുർവേദം, അലോപ്പതി എന്നിവയിൽ പരിശോധിച്ച ശേഷം ആനുയോജ്യമായ ചികിത്സ രോഗിക്ക് ലഭ്യമാക്കും. ആശുപത്രിക്ക് എൻ.എ.ബി.എച്ച് അംഗീകാരം വൈകാതെ ലഭിക്കും. അഞ്ചുമാസത്തിനകം ആശുപത്രിയിലേക്ക് ആവശ്യമായ വൈദ്യുതിയുടെ 50 ശതമാനം സൗരോർജ്ജത്തിൽ നിന്ന് ലഭ്യമാക്കാനും പദ്ധതിയുണ്ട്. വാർത്താ സമ്മേളനത്തിൽ മെഡിക്കൽ ഡയറക്‌ടർ ഡോ. രവി പുല്ലാനിക്കാട്ടിൽ, മെഡിക്കൽ സൂപ്രണ്ട് ഡോ. അനിൽ വി. കൈമൾ, എ.വി.എ ഗ്രൂപ്പ് ഡയറക്‌ടർ വിവേക് വേണുഗോപാൽ എന്നിവരും പങ്കെടുത്തു.