ന്യൂഡൽഹി: വാക്കുകൾ കൊണ്ട് പേടിപ്പിക്കാമോ? ശശി തരൂർ എം.പിക്ക് അതിനും സാധിക്കും. കഴിഞ്ഞ ദിവസം ശശി തരൂരിന്റെ ട്വിറ്റർ പേജിലെ ഒരു വാക്കുകണ്ട് ഞെട്ടാത്തവരായി ആരുമുണ്ടാവില്ല. 'ഫ്ലോക്സിനോസിനിഹിലിപിലിഫിക്കേഷൻ" എന്ന വാക്കു കൊണ്ടാണ് കഴിഞ്ഞ ദിവസം ആളുകളെ പേടിപ്പിച്ചത്.
തരൂരിന്റെ പുതിയ പുസ്തകമായ 'ദ പാരഡോക്സിക്കൽ പ്രൈം മിനിസ്റ്റർ നരേന്ദ്രമോദി'യുടെ പ്രകാശനവുമായി ബന്ധപ്പെട്ടുള്ള ട്വീറ്റിലാണ് ഈ ഭീമൻ പദം അദ്ദേഹം ഉപയോഗിച്ചത്. മൂല്യം കാണാതെ ഒന്നിനെ തള്ളിക്കളയുക എന്നതാണ് അർത്ഥം. തന്റെ പുസ്തകത്തിന് 'ദ പാരഡോക്സിക്കൽ പ്രൈം മിനിസ്റ്റർ" എന്ന പേരിനെക്കാൾ മികച്ച പേരില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആദ്യ വാക്കിന്റെ ഞെട്ടൽ മാറും മുമ്പാണ് ഇന്നലെ പുതിയ വാക്കുമായി എത്തിയത്. സങ്കീർണമായ പദം ഉപയോഗിച്ചതിന് ക്ഷമാപണം പറയുന്ന ട്വീറ്റിലാണ് പുതിയ വാക്കിനെ തരൂർ പരിചയപ്പെടുത്തിയത്. 'ഹിപ്പോപൊട്ടോമോണ്‍സ്ട്രോസെസ്‌ക്യുപെഡലിയോഫോബിയ" എന്ന പുതിയ പദം കേട്ട് വീണ്ടും വായനക്കാർ അന്തംവിട്ടു. സങ്കീർണ പദങ്ങളോടുള്ള ഭയത്തെ തന്നെയാണ് ഹിപ്പോപൊട്ടോമോണ്‍സ്ട്രോസെസ്‌ക്യുപെഡലിയോഫോബിയ സൂചിപ്പിക്കുന്നത്.
29 അക്ഷരങ്ങളുള്ള വാക്കിനോടുള്ള ഭയത്തെ സൂചിപ്പിച്ചുകൊണ്ടാണ് 35 അക്ഷരങ്ങളുള്ള പുതിയ ഭീമൻ പദത്തെ അദ്ദേഹം പരിചയപ്പെടുത്തിയിരിക്കുന്നത്.