titli-cyclone

ഭുവനേശ്വർ: ബംഗാൾ ഉൾക്കടലിനു മുകളിൽ രൂപപ്പെട്ട തിത്‍ലി ചുഴലിക്കൊടുങ്കാറ്റ് ഒഡീഷ, ആന്ധ്രാപ്രദേശ് തീരങ്ങളിൽ കനത്ത നാശം വിതച്ചു. ഇന്നലെ പുലർച്ചെയോടെ ഒഡീഷ തീരത്തണഞ്ഞ അതിശക്തമായ ചുഴലിയിൽ അയൽ സംസ്ഥാനമായ ആന്ധ്രാപ്രദേശിൽ എട്ടുപേർ മരിച്ചു. മരിച്ചവരിൽ ആറുപേർ മത്സ്യത്തൊഴിലാളികളാണ്. മണിക്കൂറിൽ 135 കിലോമീറ്റർ വേഗത്തിലാണ് ഇന്നലെ ഒഡീഷയിലെ ഗോപാൽപുർ മേഖലയിലേക്കു ചുഴലിക്കാറ്റെത്തിയത്. ഒഡീഷയിലെ വിവിധ ജില്ലകളിൽ കനത്ത മഴ തുടരുകയാണ്. വൈദ്യുതി, ആശയവിനിമയ സംവിധാനങ്ങൾക്കു എന്നിവ പൂർണമായി തകരാറിലായി. നേരത്തേ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പു ലഭിച്ചതിനാൽ ഒഡീഷയുടെ തീരദേശമേഖലയിൽ നിന്ന് മൂന്നു ലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചിരുന്നു. ആന്ധ്രാ, ഒഡീഷ സംസ്ഥാനങ്ങളിലെ വിമാന, ട്രെയിൻ സർവീസുകളെയും ചുഴലി സാരമായി ബാധിച്ചു. ഭുവനേശ്വറിൽ നിന്നു പുറപ്പെടാനും അവിടേക്ക് എത്തിച്ചേരാനുമുള്ള അഞ്ച് വിമാനങ്ങൾ ഇൻഡിഗോ റദ്ദാക്കി. 165 കിലോമീറ്റർ വേഗത്തിൽ വരെ കാറ്റടിക്കാൻ സാദ്ധ്യതയുണ്ടെന്നായിരുന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകിയ മുന്നറിയിപ്പ്. 836 ക്യാംപുകൾ ഒഡീഷയിൽ വിവിധ ഇടങ്ങളിലായി തുറന്നു. മുന്നൂറോളം ബോട്ടുകളെ രക്ഷാപ്രവർത്തനത്തിനായി സജ്ജമാക്കിയിട്ടുണ്ട്. ആയിരത്തോളം ദേശീയ ദുരന്തനിവാരണ സേനാംഗങ്ങളെ ഒഡീഷ, ആന്ധ്രാപ്രദേശ് പശ്ചിമബംഗാൾ എന്നിവിടങ്ങളിലേക്ക് അയച്ചിട്ടുണ്ട്