ന്യൂഡൽഹി:നികുതി വെട്ടിച്ചെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിൽ 'ക്വിന്റ്' വാർത്താ പോർട്ടലിന്റെ സ്ഥാപകനും പ്രമുഖ മാദ്ധ്യമ സംരംഭകനുമായ രാഘവ് ബാലിന്റെ വീട്ടിലും ഓഫീസിലും ആദായ നികുതി വകുപ്പ് മിന്നൽ പരിശോധന നടത്തി.
നോയിഡയ്ക്ക് സമീപത്തെ വീട്ടിൽ ഇന്നലെ അതിരാവിലെയായിരുന്നു റെയ്ഡ്. കൃത്രിമരേഖകൾ ചമച്ച് സാമ്പത്തിക ഇടപാട് നടത്തിയെന്ന ആരോപണത്തിൽ തെളിവു ശേഖരിക്കാനായിരുന്നു പരിശോധനയെന്നാണ് വിവരം. ഈ സാമ്പത്തിക ഇടപാടിന്റെ ആനുകൂല്യങ്ങൾ കൈപ്പറ്റിയവരെന്ന് ആരോപിക്കപ്പെടുന്ന ജെ. ലാല്‍വനി, അനൂപ് ജെയിൻ, അഭിമന്യു എന്നിവരുടെ വീടുകളിലും ഓഫീസുകളിലും പരിശോധന നടത്തി.
എന്നാൽ പത്രപ്രവർത്തനവുമായി ബന്ധപ്പെട്ട രേഖകൾ പിടിച്ചെടുക്കാനാണ് പരിശോധനയെന്ന് രാഘവ് ബാൽ പറഞ്ഞു. വിഷയത്തിൽ എഡിറ്റേഴ്സ് ഗിൽഡിന്റെ പിന്തുണ തേടിയിട്ടുണ്ട്.
രാഘവ് ബാൽ ന്യൂസ് 18 ചാനൽ ശൃംഖലയുടെ ഉടമയായിരിക്കെയാണ് മണികൺട്രോൾ, ബുക്ക്മൈഷോ, ഫസ്റ്റ് പോസ്റ്റ് തുടങ്ങിയ പോർട്ടലുകൾ ആരംഭിച്ചത്. പിന്നീട് മുകേഷ് അംബാനിയുടെ റിലയൻസ്, ന്യൂസ് 18 ചാനൽ ശൃംഖല വാങ്ങി.