ന്യൂഡൽഹി:ജനപ്രിയ മുഖ്യമന്ത്രി ലാൽ തൻഹാവ്ലയിലൂടെ ഹാട്രിക് വിജയം എന്നതിലുപരി വടക്കു കിഴക്കൻ മേഖലയിൽ അധികാരമുള്ള ഏക സംസ്ഥാനം നിലനിറുത്താനുള്ള പെടാപാടിലാണ് മിസോറമിൽ കോൺഗ്രസ്. മറുവശത്ത് ബി.ജെ.പിക്ക് മിസോറം കൂടി പിടിച്ചാൽ കോൺഗ്രസ് വിമുക്ത വടക്കു കിഴക്ക് എന്ന മുദ്രാവാക്യം യാഥാർത്ഥ്യമാക്കാം. പാർട്ടിക്ക് ഇവിടെ വലിയ വേരോട്ടമില്ല. അതിനാൽ പ്രാദേശിക കക്ഷികളിലൂടെ ലക്ഷ്യം നേടാനാണ് അമിത് ഷായുടെ കരുനീക്കം. നവംബർ 28 ന് ഇരു പാർട്ടികളുടെയും അഭിമാനപ്പോരാട്ടമായിരിക്കും.
കരുതലോടെ കോൺഗ്രസ്
2008ൽ മിസോ നാഷണൽ ഫ്രണ്ടിൽ (എം.എൻ.എഫ് ) നിന്ന് തിരിച്ചു പിടിച്ച അധികാരം പിന്നെ കോൺഗ്രസ് വിട്ടിട്ടില്ല. കോൺഗ്രസ് എന്നാൽ ലാൽ താൻഹാവ്ലയാണ് . 2008ൽ 39% വോട്ടും 40ൽ 32 സീറ്റുമായി അധികാരം പിടിച്ച അദ്ദേഹം 2013ൽ വോട്ട് 45ശതമാനമാക്കി ഉയർത്തി.സീറ്റ് 40ൽ 34. എന്നാൽ ഇത്തവണ പടലപ്പിണക്കങ്ങൾ, അഴിമതി ആരോപണങ്ങൾ, ഭരണവിരുദ്ധ വികാരം തുടങ്ങി തലവേദനകളേറെയാണ്.
മുഖ്യമന്ത്രിയുടെ അനുയായിയും ആഭ്യന്തര മന്ത്രിയുമായിരുന്ന ആർ. ലാൽസിറിലിയാനയെയും മറ്റൊരു മന്ത്രി ലാൽസിറിയാന സൈലോയെയും അച്ചടക്ക ലംഘനത്തിന് പുറത്താക്കി. ഇരുവരും എം.എൻ.എഫ് പാളയത്തിലാണ്. ചെറുപ്പക്കാർക്ക് മുൻഗണന നൽകുന്ന കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി കിഴവൻമാരായ സിറ്റിംഗ് എം.എൽ.എമാർക്ക് ടിക്കറ്റ് നൽകേണ്ടെന്ന് തീരുമാനിച്ചതും കൊഴിഞ്ഞു പോക്ക് വർദ്ധിപ്പിച്ചേക്കും.
കുമ്മനം സാക്ഷി
മേഘാലയയിലും നാഗലാൻഡിലും പ്രാദേശിക കക്ഷികളെ പ്രോത്സാഹിപ്പിച്ച് കോൺഗ്രസിനെ പുറത്താക്കിയ തന്ത്രമാകും ബി.ജെ.പി മിസോറാമിലും പയറ്റുക. ക്രൈസ്ത വോട്ടുകൾ നിർണായകമായ ഇവിടെ ബി.ജെ.പി അക്കൗണ്ട് തുറന്നിട്ടില്ല. ജനറൽ സെക്രട്ടറി രാംമാധവിന്റെ നേതൃത്വത്തിൽ ബൂത്തു തലം മുതൽ പാർട്ടി ശക്തിപ്പെടുത്തുകയാണ്. 40 അംഗ സഭയിൽ തൂക്കിനു സാദ്ധ്യതയുള്ളതിനാൽ ഗവർണറുടെ തീരുമാനം നിർണായകമാകും. അതു മുന്നിൽ കണ്ടാണ് കുമ്മനം രാജശേഖരനെ ഗവർണറാക്കിയതും.
ബി.ജെ.പി പ്രാദേശിക മുന്നണി വിട്ടെങ്കിലും എം.എൻ.എഫിനെ പുറത്തു നിന്ന് പിന്തുണച്ചേക്കും. അല്ലെങ്കിൽ പീപ്പിൾസ് റപ്രസേന്റേഷൻ ഫോർ ഐഡന്റിറ്റി ആൻഡ് സ്റ്റാറ്റസ് ഒാഫ് മിസോറാം (പ്രിസം), എം.സി.പി, ഒാപ്പറേഷൻ മിസോറം തുടങ്ങിയ കക്ഷികളടങ്ങിയ കോൺഗ്രസ് വിരുദ്ധ സഖ്യത്തിനാകും സഹായം.
പ്രതീക്ഷയിൽ എം.എൻ.എഫ്
2013ൽ അഞ്ച് സീറ്റിലൊതുങ്ങിയ മിസോ നാഷണൽ ഫ്രണ്ട് (എം.എൻ.എഫ് ) മുൻ മുഖ്യമന്ത്രി സോറാം താംഗയുടെ നേതൃത്വത്തിൽ അധികാരം തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷയിലാണ്. 2008 മുതൽ രണ്ടു തവണ തുടർച്ചയായി മുഖ്യമന്ത്രിയായിരുന്നു സോറാംതാംഗ. കോൺഗ്രസ് സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരമുണ്ടെങ്കിലും ലാൽതാൻഹാവ്ലയുടെ ജനപ്രീതി മറികടക്കലാണ് താംഗയുടെ പ്രധാന കടമ്പ.
2013ൽ ഇങ്ങനെ:
ആകെ 40: കോൺഗ്രസ് 34, എം.എൻ.എഫ് 5, എം.പി.സി 1