ഹരിദ്വാർ : ഗംഗ ശുചീകരിക്കണമെന്നാവശ്യപ്പെട്ട് 111 ദിവസം ഉപവാസ സമരം നടത്തിയ പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ. ജി.ഡി. അഗർവാൾ (സ്വാമി ഗ്യാൻ സ്വരൂപ് സാനന്ദ്, 87) അന്തരിച്ചു. 'ക്ലീൻ ഗംഗ' എന്ന ആവശ്യമുന്നയിച്ച് ജൂൺ 22 മുതൽ അദ്ദേഹം ഉപവാസത്തിലായിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന് ഉത്തരാഖണ്ഡ് പൊലീസ് ബലം പ്രയോഗിച്ച് കഴിഞ്ഞ ബുധനാഴ്ച അദ്ദേഹത്തെ മാത്രി സദൻ ആശ്രമത്തിൽ നിന്നും ഋഷികേഷിലെ എയിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വ്യാഴാഴ്ച ഉച്ചയോടെ ഹൃദയാഘാതമുണ്ടായി. ഉപവാസ കാലയളവിൽ തേൻ ചേർത്ത വെള്ളം മാത്രമാണ് കുടിച്ചിരുന്നത്.
കാൺപുർ ഐ.ഐ.ടിയിലെ പ്രൊഫസറായിരുന്ന അഗർവാൾ ഗംഗയ്ക്കുവേണ്ടി നിരവധി സമരങ്ങൾ ചെയ്തിട്ടുണ്ട്. ഗംഗയിലെ ഖനന - ജല വൈദ്യുത പദ്ധതികൾ നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഗംഗാ സംരക്ഷണ സമരത്തിന്റെ ഭാഗമായുള്ള രണ്ടാമത്തെ മരണമാണിത്. 2011 മാത്രി സദനിലെ സ്വാമി നിഗമാനന്ദ് (36), ഗംഗയിലെ അനധികൃത ഖനനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് രണ്ടു മാസത്തിലേറെ ഉപവാസ സമരം നടത്തിയതിനെ തുടർന്ന് മരിച്ചിരുന്നു.