stock
ഓഹരി വിപണി

കൊച്ചി: അമേരിക്കയിൽ നിന്ന് വീശിയടിച്ച വില്‌പനസമ്മർദ്ദം താങ്ങാനാവാതെ ഇന്ത്യൻ ഓഹരി സൂചികകൾ ഇന്നലെ കനത്ത നഷ്‌ടത്തിലേക്ക് തകർന്നു വീണു. വ്യാപാരത്തിന്റെ തുടക്കത്തിൽ സെൻസെക്‌സ് ആയിരം പോയിന്റുമേലും നിഫ്‌റ്രി 300 പോയിന്റോളവും തകർന്നു. അഞ്ച് മിനിറ്റിനുള്ളിൽ സെൻസെക്‌സിലെ നിക്ഷേപകരുടെ സമ്പത്തിൽ നിന്ന് കൊഴിഞ്ഞത് നാല് ലക്ഷം കോടി രൂപയാണ്.

എന്നാൽ, വൈകിട്ടോടെ സെൻസെക്‌സ് 759 പോയിന്റിലേക്കും നിഫ്‌റ്രി 225 പോയിന്റിലേക്കും നഷ്‌ടം നിജപ്പെടുത്തി. വ്യാപാരാന്ത്യം സെൻസെക്‌സ് 34,001ലും നിഫ്‌റ്രി 10,234ലുമാണുള്ളത്. 2018ൽ കുറിച്ച നേട്ടമെല്ലാം ഇന്നലത്തെ ഇടിവോടെ ഇന്ത്യൻ ഓഹരി സൂചികകൾക്ക് നഷ്‌ടപ്പെട്ടു. അതേസമയം, ഇന്നലത്തെ നിക്ഷേപനഷ്‌ടം നാല് ലക്ഷം കോടി രൂപയിൽ നിന്ന് 2.63 ലക്ഷം കോടി രൂപയായും കുറഞ്ഞു.

അമേരിക്കയിലെ ബോണ്ട് യീൽഡുകളുടെ വർദ്ധനയെ തുടർന്ന്, ഇന്ത്യ ഉൾപ്പെടെയുള്ള വികസ്വര രാജ്യങ്ങളിൽ നിന്നുള്ള വിദേശ നിക്ഷേപം അമേരിക്കയിലേക്ക് പിൻവലിക്കപ്പെട്ടിരുന്നു. ഇത്, അമേരിക്കൻ ഓഹരി സൂചികകളിൽ കുതിപ്പുണ്ടാക്കിയിരുന്നു. ഇന്നലെ അമേരിക്കൻ നിക്ഷേപകർ വൻതോതിൽ ലാഭമെടുപ്പ് നടത്തിയതോടെ വാൾസ്‌ട്രീറ്റിൽ ഓഹരികൾ തകർന്നു. ഈ ട്രെൻഡ് യൂറോപ്പിലേക്കും ഏഷ്യയിലേക്കും വീശിയടിക്കുകയായിരുന്നു.

ഇന്നലെ രാവിലെ ഡോളറിനെതിരെ രൂപ ചരിത്രത്തിലെ ഏറ്റവും താഴ്‌ന്ന നിരക്കായ 74.48 വരെ ഇടിഞ്ഞതും ഓഹരി വിപണിക്കുമേലുള്ള സമ്മർദ്ദം ശക്തമാക്കി. ക്രൂഡോയിൽ വില നേരിയതോതിൽ ഇടിഞ്ഞതിന്റെ കരുത്തിൽ വൈകിട്ടോടെ രൂപ 74.11ലേക്ക് നിലമെച്ചപ്പെടുത്തി. ഒ.എൻ.ജി.സി., യെസ് ബാങ്ക്, ഹിന്ദുസ്ഥാൻ യൂണിലിവർ ഒഴികെയുള്ള ഓഹരികളെല്ലാം ഇന്നലെ വലിയ തകർച്ചയാണ് സെൻസെക്‌സിൽ നേരിട്ടത്.